ആണവക്കരാര്‍ സെനറ്റ്‌ അംഗീകരിച്ചു
വാഷിംഗ്ടണ്: മൂന്ന് പതിറ്റാണ്ട് നീണ്ട ഇന്ത്യക്കെതിരെയുള്ള ആണവ ഉപരോധത്തിന് വിരാമമിട്ടു കൊണ്ട് അമേരിക്കന് സെനറ്റ് ഇന്ത്യ-യുഎസ് ആണവക്കരാറിന് അംഗീകാരം നല്കി.നൂറ് അംഗങ്ങളുള്ള സെനറ്റില് 13നെതിരെ 86 വോട്ടുകള്ക്കാണ് കരാര് പാസായത്.
ആണവക്കരാര് യാഥാര്ഥ്യമാകുന്നതിനുള്ള അവസാനത്തെ കടമ്പയായിരുന്നു സെനറ്റിന്റെ അംഗീകാരം. ആണവക്കരാര് ചര്ച്ച ചെയ്യുന്നതിനിടെ ഡെമോക്രാറ്റിക് അംഗങ്ങള് കൊണ്ടു വന്ന രണ്ടു ഭേദഗതികള് സെനറ്റ് തള്ളി.
ഇന്ത്യ ആണവപരീക്ഷണം നടത്തിയാല് സ്വീകരിയ്ക്കേണ്ട കടുത്ത നടപടികള് ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് ആണവസാങ്കേതിക വിദ്യയും ഇന്ധനവും നല്കുന്ന കാര്യത്തില് കൂടുതല് നിബന്ധനകളും നിയന്ത്രണങ്ങളും വേണമെന്നായിരുന്നു ഡെമോക്രാറ്റിക് സെനറ്റര്മാര് കൊണ്ടുവന്ന ഭേദഗതികളിലെ ഉള്ളടക്കം.
ജനപ്രതിനിധിസഭ 298-117 ഭൂരിപക്ഷത്തോടെ നേരത്തെ ആണവക്കരാറിന് അംഗീകാരം നല്കിയിരുന്നു. പ്രസിഡന്റ് ജോര്ജ്ജ് ബുഷ് കരാറിലൊപ്പു വെച്ചാലുടന് അമേരിക്കന് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ഇന്ത്യയിലെത്തി കരാറിലൊപ്പുവെയ്ക്കും.
വിദേശകാര്യ മന്ത്രി പ്രണബ് മുഖര്ജിയ്ക്കാകും ഇന്ത്യയെ പ്രതിനിധീകരിച്ച് ഒപ്പിടാനുള്ള ചുമതല. റൈസും മുഖര്ജിയും കരാറിലൊപ്പിടുന്നതോടെ മൂന്ന് വര്ഷം നീണ്ട രാഷ്ട്രീയ പോരാട്ടങ്ങള്ക്ക് കൂടിയാണ് വിരാമമാകുന്നത്.
ഇന്ത്യ-യുഎസ് കരാറിനെതിരെ ഇരു രാജ്യങ്ങളിലും ശക്തമായ എതിര്പ്പാണ് ഇത് നടപ്പിലാക്കാനായി ഇറങ്ങിത്തിരിച്ച രാഷ്ട്രീയ നേതൃത്വങ്ങള്ക്ക് അഭിമുഖീകരിയ്ക്കേണ്ടി വന്നത്.
2005ല് ജോര്ജ്ജ് ബുഷ് ഇന്ത്യ സന്ദര്ശിച്ചപ്പോഴാണ് ആണവക്കരാര് സംബന്ധിച്ച ആദ്യ ധാരണ ഉരുത്തിരിയുന്നത്. എന്നാല് ഇടതുപക്ഷ പാര്ട്ടികളുടെ ശക്തമായ എതിര്പ്പ് കരാര് നടപ്പിലാകുന്നത് ഏറെ വൈകിച്ചു.
എന്തു വില കൊടുത്തും കരാര് നടപ്പാക്കാന് മന്മോഹന് സര്ക്കാര് തീരുമാനിച്ചതോടെ യുപിഎ മന്ത്രിസഭയ്ക്കുള്ള പിന്തുണ ഇടതുപക്ഷം പിന്വലിച്ചു. എന്നാല് സമാജ് വാദി പാര്ട്ടിയുടെ സഹായത്തോടെ കോണ്ഗ്രസ് ഭരണം കാക്കുകയും ആണവക്കരാര് പാര്ലമെന്റില് പാസാക്കുകയുമായിരുന്നു.
പിന്നീട് എന്എസ് ജിയില് ഇന്ത്യക്കെതിരെ എതിര്പ്പുകളുയര്ന്നെങ്കിലും അമേരിക്കന് പിന്തുണയോടെ ഇന്ത്യ അതും അതിജീവിയ്ക്കുകയായിരുന്നു.
പിന്നീട് ആണവക്കരാറിന് മുന്നിലെ പ്രധാന കടന്പകളായിരുന്ന അമേരിക്കന് ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും അംഗീകാരം. വിദഗ്ദ്ധമായ രാഷ്ട്രീയനീക്കങ്ങളിലൂടെ ബുഷ് ഭരണകൂടം ഒടുവില് അതും മറികടന്നതോടെയാണ് കരാര് യാഥാര്ഥ്യമാകുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications