മാന്ദ്യം: ടാറ്റയും ലൈലാന്ഡും കടുത്ത നടപടികള്ക്ക്
ദില്ലി: ജംഷഡ്‌പൂരിലെ ഹെവി വെഹിക്കിള്‍ പ്ലാന്റ് മൂന്ന് ദിവസം അടച്ചിടാന്‍ തീരുമാനമെടുത്തതിന് പിന്നാലെ പൂനെയിലെ വാഹന ഫാക്ടറിയും അടച്ചിടാന്‍ ടാറ്റ മോട്ടോഴ്‌സ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.
പൂനെയിലെ പാസഞ്ചര്‍ വെഹിക്കിള്‍ പ്ലാന്റ് നവംബര്‍ 22 മുതല്‍ 27 വരെ ആറു ദിവസം അടച്ചിടുമെന്നാണ് സൂചനകള്‍.
ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആവശ്യത്തിനനുസരിച്ച് മാത്രമേ ഉത്‌പാദനം നടത്താന്‍ കഴിയൂ എന്നായിരുന്നു ടാറ്റ വക്താവിന്റെ മറുപടി.
രാജ്യത്തെ ഏറ്റവും വലിയ വാഹന ഉത്‌പാദകരായ ടാറ്റ തങ്ങളുടെ ഏറ്റവും വലിയ വെഹിക്കിള്‍ പ്ലാന്റ് നവംബര്‍ ആറു മുതല്‍ എട്ടു വരെ അടച്ചിടുമെന്ന് ബുധനാഴ്‌ച പ്രഖ്യാപിച്ചിരുന്നു. വിപണിയിലെ മാന്ദ്യത്തെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു വിശദീകരണം.
അതിനിടെ രാജ്യത്തെ മറ്റൊരു പ്രമുഖ വാഹന നിര്‍മാതാക്കളായ അശോക് ലൈലാന്‍ഡ് തങ്ങളുടെ പ്ലാന്റുകളിലെ പ്രവൃത്തി ദിനങ്ങള്‍ വെട്ടിക്കുറയ്‌ക്കാന്‍ തീരുമാനിച്ചു. അടുത്ത ഒരു മാസത്തേക്ക് ആഴ്‌ചയില്‍ മൂന്ന് പ്രവര്‍ത്തി ദിനം മാത്രം മതിയെന്നാണ് ഹിന്ദുജ ഗ്രൂപ്പ് തീരുമാനിച്ചിരിയ്‌ക്കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്‌ചകളായി മീഡിയം, ഹെവി ഡ്യൂട്ടി വാഹന വില്‌പന വിപണിയില്‍ മാന്ദ്യം അനുഭവപ്പെട്ടിരുന്നു. വാഹനവിപണിയിലുണ്ടായ മാന്ദ്യത്തിന് പുറമെ ഓഹരി രംഗത്തുണ്ടായ തകര്‍ച്ചയും കടുത്ത നടപടികളെടുക്കാന്‍ വാഹന നിര്‍മാണ കന്പനികളെ പ്രേരിപ്പിച്ചിട്ടുണ്ട്.
വൈദ്യുതിക്ഷാമവും സ്‌പെയര്‍ പാര്‍ട്‌സുകളുടെ ദൗര്‍ലഭ്യവും പ്രവര്‍ത്തിദിനം വെട്ടിക്കുറയ്‌ക്കാന്‍ തീരുമാനിച്ചതിന് പിന്നിലുണ്ടെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്‌താവനയിലുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications