ബോര്ഡര്-ഗവാസ്ക്കര് ട്രോഫി ഇന്ത്യക്ക്
നാഗ്‌പൂര്‍: ലോക ക്രിക്കറ്റിലെ ഇനിയുള്ള നാളുകള്‍ നീലപ്പടയുടേതാകുമെന്ന സൂചനകള്‍ നല്‌കിക്കൊണ്ട് കംഗാരു മേധത്തിന് നാഗ്‌പൂരില്‍ അന്ത്യം.
ഒന്നരപതിറ്റാണ്ട് പിന്നിട്ട പ്രകടനത്തിലൂടെ പരാജയത്തിന്റെ പടുകുഴിയില്‍ നിന്നും വിജയങ്ങളിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്തിയ ബംഗാള്‍ കടുവയ്‌യ്ക്കുള്ള പുതിയ കപ്പിത്താന്റെ വിടവാങ്ങല്‍ സമ്മാനം. നാഗ്‌പൂരില്‍ ഇന്ത്യ കുറിച്ച ചരിത്ര വിജയത്തെ ഇങ്ങനെയൊക്കെ വിശേഷിപ്പിയ്‌ക്കാം.
382 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ 209 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ ത്രസിപ്പിയ്‌ക്കുന്ന വിജയം സ്വന്തമാക്കിയത്.
വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ അവസാന ദിവസം ബാറ്റിംഗിനിറിങ്ങിയ ഓസീസ് നിരയില്‍ ഹെയ്‌ഡനൊഴിച്ച് (77) മറ്റു ബാറ്റ്‌സ്‌മാന്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല. തീര്‍ത്തും സ്‌പിന്നിന് അനുകൂലമായി മാറിയ പിച്ചില്‍ ഹര്‍ഭജന്‍ സിങ് നാലും അമിത് മിശ്ര മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ 12 വിക്കറ്റുകള്‍ കൊയ്‌ത ഓസീസ് താരം ജെയ്‌സണ്‍ ക്രേയ്‌സാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയില്‍ 15 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഇഷാന്ത് ശര്‍മ്മ മാന്‍ ഓഫ് ദ സീരിസ് പുരസ്‌ക്കാരവും സ്വന്തമാക്കി.
നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഓസീസിനെ 2-0ന് തകര്‍ത്താണ് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്ക്കര് ട്രോഫി സ്വന്തമാക്കിയത്. നേരത്തെ മൊഹാലിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ഇന്ത്യ പരമ്പരയില്‍ മുന്‍കൈ നേടിയിരുന്നു.
അവസാന ഇന്നിംഗ്സില്‍ പൂജ്യനായി മടങ്ങേണ്ടി വന്നെങ്കിലും പരമ്പര വിജയത്തോടെ ഗാംഗുലിയ്‌ക്കും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറയാനായി.
ആദ്യ ഇന്നിംഗ്‌സില്‍ 86 റണ്‍സ് നേടിയ ഗാംഗുലിയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായ പങ്ക് വഹിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി തന്റെ കൈകളില്‍ സുരക്ഷിതമാണെന്ന് പരമ്പര വിജയത്തോടെ തെളിയിക്കാനും പുതിയ ക്യാപ്‌റ്റന്‍ ധോണിയ്‌ക്ക് കഴിഞ്ഞു.
ഈ വിജയത്തോടെ ഐസിസി റാങ്കില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications