നളിനി നെറ്റോ കേസ്: നീലന്‍ നല്‍കിയ രേഖ വ്യാജം
തിരുവനന്തപുരം: നളിനി നെറ്റോ ഫയല്‍ ചെയ്‌ത പീഡനക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസ നാടാര്‍ കോടതിയില്‍ ഹാജരാക്കിയത് വ്യാജരേഖയാണെന്ന് കണ്ടെത്തി. പൊതുഭരണവകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്.
നളിനി നെറ്റോയെ അവര്‍ വഹിക്കുന്ന സ്ഥാനത്തുനിന്നും മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് രേഖ. ഇത് വ്യാജമായി ചമച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് കേസില്‍ നീലനെ കോടതി വെറുതെ വിട്ടത്.
നീലന്‍ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് അന്നത്തെ ട്രാന്‍സ്‌പോര്‍ട് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ തന്റെ ഓഫിസ് മുറിയില്‍വച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇതില്‍ കീഴ്‌ക്കോടതി നീലനെ ശിക്ഷിച്ചിരുന്നു.
ഇതിനെതിരെ ഇദ്ദേഹം ജില്ലാകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയ്‌ക്കൊപ്പം നല്‍കിയ രേഖയാണ് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. വകുപ്പില്‍ നിന്നും നളിനിയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടതിന്റെ പകതീര്‍ക്കാനാണ് അവര്‍ തനിക്കെതിരെ പീഡനക്കേസ് ഫയല്‍ ചെയ്‌തതെന്നായിരുന്നു നീലന്റെ വാദം.
ഇത് തെളിയിക്കുന്നതിന നളിനി പരാതി നല്‍കുന്നതിന് മുമ്പ് സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കുന്ന രേഖയുടെ പകര്‍പ്പ് കോടതിയില്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഈ രേഖയില്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥന്റെ ഒപ്പും സീലും ഇല്ലാതിരുന്നത് സംശയമുണ്ടാക്കയിരുന്നു.
ഇതേത്തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. രേഖ ഫെബ്രുവരിയില്‍ കൈപ്പറ്റിയെന്ന് നീലന്‍ വ്യക്തമാക്കിയ ഉദ്യോഗസ്ഥ മെയ് മാസത്തിലാണ് ചാര്‍ജ് എടുത്തതെന്നും വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications