കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകള്‍ വിവാദ കുരുക്കില്‍, വി.എസ് രാജിവയ്ക്കും?

  • By Staff
Google Oneindia Malayalam News

തിരുവന്തപുരം: മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്റെ മകള്‍ വി. വി ആശ വീണ്ടും വിവാദ കുരുക്കില്‍. പരിചയമില്ലാത്ത മേഖലയില്‍ ഗവേഷണം നടത്താനായി കേരള സര്‍ക്കാര്‍ സ്ഥാപനം 35 ലക്ഷം രൂപ നല്‍കിയതാണ് പുതിയ വിവാദം.

തന്റെ സല്‍പേര് നിലനിറുത്താനായി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വി.എസ് രാജിയ്ക്ക് ഒരുങ്ങുകയാണത്രെ. ഇതിന് പ്രത്യേക കാരണമുണ്ട്. എസ് എന്‍ സി ലാവ്‍ലിന്‍ കേസില്‍ സി ബി ഐ പ്രതിസ്ഥാനത്ത് നിറുത്തിയിരിയ്ക്കുന്ന പിണറായി സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന വാദം ശക്തിപ്പെടുത്താനായാണത്രെ മുഖ്യമന്ത്രി രാജിയെക്കുറിച്ച് ചിന്തിയ്ക്കുന്നത്. ലാവ്‍ലിന്‍ കേസില്‍ സിബിഐ നിലപാടിനെക്കുറിച്ച് അച്ചുതാന്ദന്‍ ഇതുവരെ ഒന്നും പ്രതികരിയ്ക്കാത്തത് പിണറായി ഒഴിയണം എന്ന അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്.

രാജി വച്ചില്ലെങ്കിലും രാജിയ്ക്ക് ഒരുങ്ങുകയാണെന്ന് പൊതു ധാരണ വരുത്തി മുഖം രക്ഷിയ്ക്കുക കൂടിയാണ് വി എസ് അച്ചുതാന്ദന്റെ ലക്ഷ്യമെന്ന് കരുതുന്നു. ജനുവരി 30ന് മുഖ്യമന്ത്രി വീണ്ടും ദില്ലിയ്ക്ക് പോകുന്നുണ്ട്. പിണറായി-ലാവ്‍ലിന്‍ പ്രശ്നത്തില്‍ കേന്ദ്ര നേതൃത്ത്വത്തിന്റെ തീരുമാനം അറിയാനായാണ് ഇത്.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്ന വി എസിന്റെ മകള്‍ ആശയുടെ യോഗ്യതകള്‍ സംബന്ധിച്ചും മുന്‍പ് വിവാദമുണ്ടായിട്ടുണ്ട്.

വി.എസിന്റെ മകന്‍ വി അരുണ്‍കുമാറിനെക്കുറിച്ചും പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. 2008 ഡിസംബര്‍ 16ന് പ്രതിപക്ഷ എം എല്‍ എ, പി. സി. ജോര്‍ജ്ജ് അരുണിനെതിരെ ആരോപണം ഉയര്‍ത്തിയിരുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട 5348 കോടി രൂപയുടെ കരാറില്‍ അരുണ്‍കുമാര്‍ ഇടപെട്ടു എന്നായിരുന്നു ആ ആരോപണം. അരുണ്‍കുമാര്‍ മാര്‍ക്ക് തിരുത്തി എന്ന് ആരോപിച്ചും നേരത്തേ വിവാദം ഉണ്ടായിരുന്നു. ഈ വിഷയത്തിലെല്ലാം വി എസ് അച്ചുതാനന്ദന്‍ മൗനം പാലിയ്ക്കുകയാണ് ഉണ്ടായത്.

കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് (സി എസ് ടി ഇ)എന്ന സ്ഥാപനത്തിന്റെ ഒരു ശാഖയായ കേരള ബയോടെക്നോളജി മിഷനാണ് ഇപ്പോള്‍ വി വി ആശയ്ക്ക് 35 ലക്ഷത്തിന്റെ ഗവേഷണ പ്രോജക്ട് നല്‍കിയിരിയ്ക്കുന്നത്. മുഖ്യമന്ത്രി വി എസ് അച്ചുതാന്ദനാണ് സി എസ് ടി ഇയുടെ പ്രസിഡണ്ട്. നിബന്ധനകള്‍ അനുസരിച്ച് മറൈന്‍ ബയോടെക്നോളജിയില്‍ മികവ് കാണിച്ചവര്‍ക്ക് നല്‍കേണ്ടതാണ് ഈ പ്രോജക്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കും ഇതേ മേഖലയില്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവര്‍ക്കുമാണ് പ്രോജക്ട് നല്‍കേണ്ടതെന്ന് നിബന്ധനകളിലുണ്ട്. ഇവയൊന്നും തന്നെ ഇപ്പോള്‍ പ്രോജക്ട് ലഭിച്ച വി.വി ആശ ചെയ്തിട്ടില്ല.

ആശ രാജീവ് ഗാന്ധി സെന്റര്‍ ഫോല്‍ ബയോടെക്നോളജി (ആര്‍ ജി സി ബി) യില്‍ ശാസ്ത്രജ്ഞയാണ്. ആര്‍ ജി സി ബി ഇതുവരെ മറൈന്‍ ബയോടെക്നോളജിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.

ആശ നല്‍കിയ ഗവേഷണ പ്രൊപ്പോസല്‍ വേണ്ട വിധത്തില്‍ പരിശോധിച്ചിരുന്നില്ലെന്നാണ് കെ എസ് സി എസ് ടി ഇ അധിക‍തര്‍ പറയുന്നത്. ഈ പ്രോജക്ടില്‍ മെഡിസിന്‍, കെമിസ്ട്രി തുടങ്ങിയ മേഖലകളിലെ പ്രമുഖരെ കൂടി ഉള്‍പ്പെടുത്തേണ്ടതാണെന്ന് പ്രൊപ്പോസല്‍ നിരീക്ഷിച്ച നാഷണല്‍ ഓഷനോഗ്രാഫി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടര്‍ ഡി. ചന്ദ്രമോഹന്‍ അഭിപ്രായപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X