ഭര്‍ത്താവ് ഉപേക്ഷിച്ച 20കാരി പ്ലാറ്റ് ഫോമില്‍ പ്രസവിച്ചു
മുംബൈ: ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി റയില്‍വേ പ്ലാറ്റ്‌ഫോമില്‍ പ്രസവിച്ചു. പ്രസവവേദന അനുഭവപ്പെട്ട യുവതിയ്‌ക്ക് പ്രാദേശിക ആശുപത്രികളിലെ അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്നാണ് വ്യാഴാഴ്‌ച രാത്രി റയില്‍വേ പ്ലാറ്റ്‌ഫോമില്‍ പ്രസവിക്കേണ്ടിവന്നത്.
പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും ബോറിവ്‌ലിയിലെ ഭഗവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും പെണ്‍കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
തീവണ്ടിയില്‍ മുടിപ്പിന്‍ വിറ്റു ഉപജീവനം നടത്തുന്ന ആരിയ ഖാനാണ് പ്ലാറ്റ്‌ഫോമില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവരെ വൃത്തിഹീനമായി കണ്ടതുകൊണ്ടും കയ്യില്‍ വേണ്ടത്ര കാശില്ലാത്തതുകൊണ്ടുമാണ് ചികിത്സ നല്‍കാഞ്ഞതെന്നാണ് ആശുപത്രിക്കാര്‍ പറയുന്നത്.
ദിവസം നൂറുരൂപയില്‍താഴെ വരുമാനമുള്ള ആരിയയ്‌ക്ക് സ്വന്തം പ്രസവത്തിനായി 200രൂപമാത്രമേ സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. വ്യാഴാഴ്‌ച രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതുമുതല്‍ സമീപത്തെ പല നഴ്‌സിങ് ഹോമുകളിലും ഇവര്‍ ചെന്നത്രേ എന്നാല്‍ എല്ലാവരും കയ്യൊഴിയുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ തിരിച്ച് ബയന്തര്‍ സ്‌റ്റേഷനിലെത്തി താമസ സ്ഥലമായ മിറാ റോഡിലേയ്‌ക്ക് പോകാന്‍ പ്ലാറ്റ് ഫോം നമ്പര്‍ 4ല്‍ തീവണ്ടികാത്തു നില്‍ക്കുകയായിരുന്നു. ഇതിനിടെ രാത്രി ഏഴരയോടെ പ്രസവം നടക്കുകയായിരുന്നു.
പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന സ്‌ത്രീകള്‍ ഇവരുടെ സഹായത്തിനെത്തി. പ്രസവം കഴിഞ്ഞ് കുറച്ചുനേരം കഴിഞ്ഞാണ് വനിതാ പൊലീസ് എത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുമ്പ് രണ്ട് തവണ ആരിയ ഗര്‍ഭിണിയായെങ്കിലും ഗര്‍ഭം അലസിയതിനെത്തുടര്‍ന്നാണത്രേ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചത്.












Click it and Unblock the Notifications