15കാരനുമായി സെക്സ് അധ്യാപികയ്ക്ക് തടവ്
സിംഗപ്പൂര്‍: പതിനഞ്ചുകാരനായ സ്വന്തം വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തിയ അധ്യാപികയെ സിംഗപ്പൂരിലെ ഒരു ജില്ലാ കോടതി പത്തുമാസത്തെ തടവിന് ശിക്ഷിച്ചു.
മുപ്പത്തിരണ്ടുകാരിയായ അധ്യാപികയാണ് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍ താന്‍ ഈ ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ വിദ്യാര്‍ത്ഥി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ബന്ധം തുടരുകയായിരുന്നുവെന്നായിരുന്നു അധ്യാപികയുടെ വാദം.
അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തിയതായി കോടതിയ്ക്ക് വെളിപ്പെട്ടിരുന്നു. പ്രശ്നം വിവാദമായതിനെത്തുടര്‍ന്ന് അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.
വിദ്യാര്‍ത്ഥിയ്ക്ക് പതിനഞ്ചുവയസ്സുള്ളപ്പോഴാണ് ഇവര്‍ തമ്മിലുള്ള ബന്ധം തുടങ്ങിയത്. കുട്ടിയ്ക്ക് പതിനാറ് വയസ്സാകുന്നതുവരെ ഇത് നീണ്ടുനിന്നുവെന്നും ഇതിനിടെ അഞ്ചിലേറെ തവണ ഇവര്‍ ലൈംഗികമായി ബന്ധപ്പെട്ടുവെന്നും കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.
അധ്യാപികയെക്കുറിച്ചോ വിദ്യാര്ത്ഥിയെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മാപ്പര്‍ഹിക്കാത്ത വിശ്വാസവഞ്ചനയാണ് അധ്യാപിക കാണിച്ചതെന്നാണ് ശിക്ഷവിധിച്ചുകൊണ്ട് ജഡ്ജി പറഞ്ഞത്. ഇത്തരം കുറ്റങ്ങള്‍ക്ക് പത്തുവര്‍ഷത്തോളം തടവും പിഴയും ലഭിക്കാവുന്നതാണ്.