കരുണാകരന്റെ പരാതിയ്‌ക്ക് പാര്‍ട്ടിയുടെ പരിഹാരം
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ഏതാനും നാളുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇടഞ്ഞുനില്‍ക്കുന്ന കരുണാകര പക്ഷത്തെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനം.
കരുണാകരനൊപ്പം പാര്‍ട്ടിയില്‍ തിരിച്ചെത്തിയവര്‍ക്കെല്ലാം സ്ഥാനമാനങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം തീരുമാനിച്ചു. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഉള്‍പ്പെടെ ആറുപേരെ കെപിസിസി എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.
എഐസിസിയിലേയ്‌ക്ക് കരുണാകര വിഭാഗത്തില്‍ നിന്നും നാലുപേരെയാണ് നാമനിര്‍ദ്ദേശം ചെയ്‌തിരിക്കുന്നത്. പാര്‍ട്ടി വിട്ടപ്പോള്‍ ഡിസിസി ഭാരവാഹികളായിരുന്നവര്‍ക്ക് അതേ സ്ഥാനം തിരിച്ചു നല്‍കാനും ധാരണായിട്ടുണ്ട്.
തന്നോടൊപ്പം പാര്‍ട്ടിയില്‍ മടങ്ങിയെത്തിയവര്‍ക്ക് അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കണമെന്ന് ഏറെനാളുകളായി കരുണാകരന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും പരിഗണിക്കപ്പെടാതെ വന്നതോടെ കരുണാകരപക്ഷം തീര്‍ത്തും അസംതൃപ്‌തിയിലായിരുന്നു.
ഇത്തരം വിവേചനങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തിരുന്നു. എന്തായാലും മുതിര്‍ന്ന നേതാവെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ അംഗീകാരമുള്ള കരുണാകരനെ പിണക്കി ഒരു പരീക്ഷണം നടത്തേണ്ടെന്ന പാര്‍ട്ടിയുടെ തീരുമാനമാണ് ഇപ്പോഴത്തെ സ്ഥാനം നല്‍കലിന് പ്രധാനകാരണമെന്നാണ് സൂചന.
പത്മജയെക്കൂടാതെ ത്രിവിക്രമന്‍ തമ്പി, രാമചന്ദ്രന്‍, കെ എ സെബാസ്റ്റ്യന്‍, ജോയി കവലക്കാട്, മഹേശ്വരന്‍ പിള്ള എന്നിവരാണ് കെപിസിസി എക്‌സിക്യൂട്ടിവിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications