സൂഫിയയെക്കുറിച്ച് അന്വേഷിക്കും കോടിയേരി
കണ്ണൂര്‍: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ കോടതി നിര്‍ദ്ദേശമനുസരിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.
കളമശേരിയില്‍ ബസ് കത്തിച്ച സംബന്ധവത്തില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയ്‌ക്ക് പങ്കുണ്ടെന്ന് വ്യക്തമായ തെളിവ് ലഭിച്ചാല്‍ അവരെ തീര്‍ച്ചയായും പ്രതിചേര്‍ക്കുമെന്നും മുമ്പ് മദനിയെ അറസ്റ്റുചെയ്‌തത് നായനാര്‍ സര്‍ക്കാറാണെന്ന് ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.
വ്യാഴാഴ്‌ച കണ്ണൂര്‍ പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഡിപിയുമായുള്ള ബന്ധം ഒരിക്കലും കേസന്വേഷണത്തെ ബാധിക്കില്ല. ആര്‍എസ്‌എസിന്റെ വോട്ട് കിട്ടണമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ഇപ്പോള്‍ മദനിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
മുമ്പ് യുഡിഎഫ് ഭരിക്കുമ്പോള്‍ത്തന്നെയാണ് കളമശേരിയില്‍ ബസ് കത്തിച്ചത്. അന്ന് എന്തുകൊണ്ട് സൂഫിയയെ അറസ്റ്റുചെയ്‌തില്ല. അന്ന് പൊലീസിന് കിട്ടിയ മൊഴികള്‍ തന്നെയാണ് ഇപ്പോഴും കിട്ടിയത്. സര്‍ക്കാര്‍ ഒരിക്കല്‍പോലും ആ കേസ് പിന്‍വലിക്കാന്‍ നോക്കിയിട്ടില്ല- കോടിയേരി പറഞ്ഞു.
തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നീക്കങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
സൂഫിയയുടെ തീവ്രവാദ ബന്ധം സംബന്ധിച്ച ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ബുധനാഴ്‌ച പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
മദനി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുമ്പോള്‍ മോചനം ആവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകര്‍ കളമശേരിയില്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ ബസ് കത്തിച്ച ദിനങ്ങളില്‍ സൂഫിയ തീവ്രവാദികളുമായി സംസാരിച്ചുവെന്നാണ് പരാതി.












Click it and Unblock the Notifications