കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നുഴഞ്ഞുകയറിയ 40 പേരെ വധിച്ചു

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീര്‍-പാകിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളായ കുപ് വാര, ഗുരേസ് മേഖലയിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല്പതോളം തീവ്രവാദികളെ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ വധിച്ചതായി സൈന്യം അറിയിച്ചു. മുപ്പതോളം പേര്‍ രാജ്യത്തേക്കു നുഴഞ്ഞുകയറിയതായും കൂടുതല്‍ പേര്‍ നുഴഞ്ഞ് കയറ്റത്തിന് ശ്രമിക്കുകയാണെന്നും സൈനിക വക്താവ് ബ്രിഗേഡിയര്‍ ഗുര്‍ മീത് സിങ് പറഞ്ഞു.

നുഴഞ്ഞുകയറ്റത്തിനിടെ സൈന്യത്തിന്റെ പിടിയിലായ പാക്കിസ്ഥാന്‍ സ്വദേശിയും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനുമായ സായിദ് മൊയിനുളള ഷായെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

തിരഞ്ഞെടുപ്പിനിടെ ആക്രമണം നടത്തുകയെന്ന ഉദ്ദേശത്തോടെ കുപ് വാരയും ഗുരേസിലും വന്‍തോതില്‍ നുഴഞ്ഞുകയറ്റമാണു നടന്നത്. കുപ് വാരയിലെ ഫാഫ്രുദ വനത്തില്‍ 25 പേരെയും ഗുരേസില്‍ 12 പേരെയും വധിച്ചു. എട്ടോളം പേര്‍ കനത്ത മഞ്ഞുവീഴ്ചയില്‍ കൊല്ലപ്പെട്ടതായും മൊയിനുളള ഷാ പറഞ്ഞു.

കശ്‌മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ താലിബാന്‌ ഒരു പങ്കുമില്ലെന്ന്‌ ഇയാള്‍ വ്യക്തമാക്കി. കശ്‌മീരില്‍ മതസ്വാതന്ത്ര്യത്തിന്‌ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്‌ തങ്ങളെ പഠിപ്പിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥയല്ല കശ്‌മീരിലേത്.

കശ്‌മീരിലെ ദുര്‍ഘടമായ സാഹചര്യത്തില്‍ കഴിയാനാവുംവിധം പതിനെട്ടും പത്തൊമ്പതും ദിവസത്തെ കഠിനമായ പരിശീലനം നല്‍കിയ തീവ്രവാദികളാണ്‌ നുഴഞ്ഞു കയറിയതെന്ന്‌ ഗുര്‍മീത്‌സിങ്‌ പറഞ്ഞു.

ഗുരേസ് മേഖലയിലൂടെ 120 ഓളം പേര്‍ രാജ്യത്തു കടന്നെങ്കിലും ഭൂരിഭാഗം പേരും മടങ്ങിപ്പോയി. മാര്‍ഗനിര്‍ദേശികളും കടത്തുകാരുമാണു മടങ്ങിയത്. ഒളിച്ചിരുന്ന നുഴഞ്ഞുകയറ്റക്കാരെ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെ കണ്ടെത്തി വധിക്കുകയായിരുന്നു.

നുഴഞ്ഞുകയറ്റക്കാരില്‍ നിന്നു പിടിച്ചെടുത്ത ആയുധങ്ങളും ആശയവിനിമയ ഉപകരണങ്ങളും പിടിച്ചെടുത്തത് തെളിയിക്കുന്നത് അവര്‍ക്കു പാക്കിസ്ഥാന്‍ സേനയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണെന്നും സൈനിക വക്താക്കള്‍ അറിയിച്ചു.

പിടിച്ചെടുത്ത വന്‍ ആയുധ ശേഖരവും സ്ഫോടക വസ്തുകളും സൈന്യം പ്രദര്‍ശിപ്പിച്ചു. കശ്മീരില്‍ പോരാടുന്ന സംഘടനകളുമായി നുഴഞ്ഞുകയറ്റക്കാര്‍ക്കു ബന്ധമില്ല. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജയ്ഷ് ഇ മുഹമ്മദ്, ലഷ്കര്‍ ഇ തെയ്ബ സംഘടനകളില്‍പ്പെട്ടവരാണ് അധികവും നുഴഞ്ഞുകയറുന്നതെന്നും സൈനിക വക്താവ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X