വര്‍ക്കല രാധാകൃഷ്‌ണന് സോമനാഥിന്റെ മറുപടി
തിരുവനന്തപുരം: വര്‍ക്കല രാധാകൃഷ്‌ണന്റെ അസാന്നിധ്യം ലോക്‌സഭയെ ദരിദ്രമാക്കുമെന്ന് ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ സിപിഎം തിരഞ്ഞെടുത്ത രീതിയെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്നും സോമനാഥ് പറഞ്ഞു.
ലോക്‌സഭയോട് വിടപറഞ്ഞുകൊണ്ടും തനിക്ക് നല്‍കിയ പരിഗണനയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ടും വര്‍ക്കല രാധാകൃഷ്‌ണന്‍ അയച്ച കത്തിനുള്ള മറുപടിയിലാണ് വര്‍ക്കലയുടെ പ്രവര്‍ത്തനത്തെ സോമനാഥ് പ്രശംസിച്ചത്.
സഭാധ്യക്ഷനെന്ന നിലയിലുള്ള തന്റെ ക്ലേശകരമായ ജോലിയെ സഹായിച്ചതിന് നന്ദി പ്രകാശിപ്പിച്ച സോമനാഥ് ചാറ്റര്‍ജി സഭാനടപടികള്‍ വിദഗ്‌ധമായി നിയന്ത്രിക്കുകവഴി വര്‍ക്കല രാധാകൃഷ്‌ണന്‍ ഉത്‌കൃഷ്ടമായ സംഭാവനയാണ് ലോക്‌സഭയ്‌ക്ക് നല്‍കിയതെന്നും സഭാചരിത്രത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന സേവനമാണ് അദ്ദേഹത്തിന്റെതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
ഒപ്പം രാധാകൃഷ്‌ണന് ആയുസ്സിനും ആരോഗ്യത്തിനുമായി ആശംസകളും നേര്‍ന്നിട്ടുണ്ട്. കത്തിന്റെ അവസാനത്തില്‍ എന്‍ബി എന്ന് ചേര്‍ത്ത് സോനാഥ് എഴുതിയ വരികള്‍ കൗതുകമുണര്‍ത്തുന്നതാണ്.
പാര്‍ട്ടിയും ഞാനും അകപ്പെട്ടിരിക്കുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും വര്‍ക്കല രാധാകൃഷ്‌ണനെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ധൈര്യമില്ല- എന്നാണ് സോമനാഥ് എഴുതിയിരിക്കുന്നത്.












Click it and Unblock the Notifications