അവസാനഘട്ടത്തില്‍ 62ശതമാനം പോളിങ്
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ 62 പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചാവ്‌ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏഴു സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും 86 ലോക്‌സഭാ മണ്ഡലങ്ങളിലേയ്‌ക്കാണ് അവസാനഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചുഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ ശരാശരി പോളിങ് ശതമാനം 59-60ആണ്.
ബുധനാഴ്‌ച നടന്ന അവസാനഘട്ട വോട്ടെടുപ്പില്‍ പുതുച്ചേരിയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 75ശതമാനം. ഏറ്റവും കുറവ് ജമ്മുകശ്‌മീരിലെ ബാരാമുള്ള മണ്ഡലത്തിലും ഇവിടെ 40-45ശതമാനത്തിനിടയിലാണ് പോളിങ്.
അഞ്ചുഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയ പൊതുവേ സമാധാനപരവും കുറ്റമറ്റതുമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷര്‍ പറഞ്ഞു. ബുധനാഴ്‌ചത്തെ പോളിങ് നില ഇങ്ങനെയാണ് തമിഴ്‌നാട് 60-62, ഉത്തര്‍പ്രദേശ്-52, ബംഗാള്‍- 70, പഞ്ചാബ്- 60-65, ഉത്തരാഖണ്ഡ്-50-52, ഹിമാചല്‍ പ്രദേശ്- 55, പുതുച്ചേരി- 75, ബാരാമുള്ള 40-45, ലഡാക്ക്-61, ചണ്ഡീഗഡ്-55.
അഞ്ചുഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിനിടെയുണ്ടായ വിവിധ അക്രമങ്ങളില്‍ 23പേരും അപകടങ്ങളില്‍ 14പേരും കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ബുധനാഴ്‌ച തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.
ബംഗാളിലെ മഥുരാപൂര്‍ മണ്ഡലത്തിലെ 101 പോളിങ് സ്‌റ്റേഷനുകളില്‍ ബുധനാഴ്‌ച വോട്ടെടുപ്പ് നടത്താന്‍ കഴിഞ്ഞില്ല. കനത്ത മഴയില്‍ വോട്ടിങ് യന്ത്രങ്ങള്‍ കേടായതാണ് കാരണം. ഇവിടങ്ങളില്‍ വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കും.
കനത്ത മഞ്ഞുവീഴ്‌ച മൂലം ജമ്മുകശ്‌മീരിലെ ബാരാമുള്ളയിലെ രണ്ടു സ്റ്റേഷനുകളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. ഇവിടെയും വ്യാഴാഴ്‌ച പോളിങ് നടക്കും.












Click it and Unblock the Notifications