കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരുമാനം അംഗീകരിക്കുന്നു: വിഎസ്

  • By Staff
Google Oneindia Malayalam News

പാര്‍ട്ടി കേന്ദ്ര കമ്മിറ്റ തീരുമാനം അംഗീകരിയ്‌ക്കുന്നുവെന്ന്‌ വിഎസ്‌ പ്രതികരിച്ചു. കേരളത്തിലേക്ക്‌ മടങ്ങാനായി കേരളാ ഹൗസില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ്‌ ആദ്ദേഹം സിസി തീരുമാനത്തെക്കുറിച്ച്‌ ആദ്യമായി പ്രതികരിച്ചത്‌. വിഎസിന്‌ പുറമെ പിണറായിയും കോടിയേരിയും കേരളത്തിലേക്ക്‌ മടങ്ങുന്നുണ്ട്‌.

വിഎസിനെ പിബിയില്‍ നിന്ന്‌ ഒഴിവാക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ കാസര്‍കോട്‌ നീലേശ്വരത്ത്‌ വിഎസ്‌ അനുകൂലികള്‍ പ്രകടനം നടത്തുന്നു. പ്രകടനത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്‌ വ്യക്തമല്ല. സംസ്ഥാനത്തൊരിടത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകനടങ്ങള്‍ നടത്താന്‍ പാടില്ലെന്ന്‌ സംസ്ഥാന കമ്മിറ്റി കര്‍ശനമായി നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്‌.
04:36 PM

പിണറായി വിഎസിനെ കണ്ടു

കേരള ഹൗസില്‍ വിശ്രമിയ്ക്കുന്ന വിഎസ് അച്യുതാനന്ദനെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സന്ദര്‍ശിച്ചു. കൂടിക്കാഴ്ച ഒരു മിനിറ്റേ നീണ്ടു നിന്നുള്ളൂ. എന്തെങ്കിലും കാര്യമായി സംസാരിച്ചതായി സൂചനകളില്ല.

സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അദ്ദേഹത്തെ ഉടന്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ വിഎസിന്റെ അടുത്തേക്ക് പോയ എംഎ ബേബിയ്ക്കും പാലൊളി മുഹമ്മദ് കുട്ടിയ്ക്കും അദ്ദേഹത്തെ കാണാനായില്ല. അദ്ദേഹം ഉറങ്ങുകയാണെന്നറിയിച്ചതിനെ തുടര്‍ന്ന് ഇരുവരും കാണാതെ മടങ്ങുകയായിരുന്നു.
03:05 PM

ബേബിയും പാലൊളിയും വിഎസിന്റെ അടുത്തേക്ക്‌

പോളിറ്റ്‌ബ്യൂറോയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനെ കേന്ദ്രകമ്മറ്റി അംഗങ്ങളും മന്ത്രിമാരുമായി എംഎ ബേബി, പാലൊളി മുഹമ്മദ്‌ കുട്ടി എന്നിവര്‍ കാണുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ കേന്ദ്രകമ്മറ്റിയിലും പോളിറ്റ്‌ബ്യൂറോയിലും പങ്കെടുക്കാതിരുന്ന വിഎസ്‌ കേരളാ ഹൗസില്‍ വിശ്രമിക്കുകയാണ്‌.

നിര്‍ണായക കേന്ദ്ര കമ്മിറ്റി യോഗത്തിന്‌ ശേഷമാണ്‌ രണ്ടു പേരും വിഎസിന്റെ അടുത്തേക്ക്‌ പോയത്‌.
02:39 AM

വിഎസ് പിബിയില്‍ നിന്നും പുറത്ത്

ഏറെ നീണ്ട ആകാംക്ഷയ്‌ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട്‌ കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന്‌ കണ്ടെത്തിയ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനെ പോളിറ്റ്‌ ബ്യൂറോയില്‍ നിന്നും പുറത്താക്കി. ഇനി കേന്ദ്ര കമ്മിറ്റി അംഗമെന്ന പദവിയിലാകും വിഎസിന്‌ പാര്‍ട്ടിയിലുണ്ടാവുക. മുഖ്യമന്ത്രി സ്ഥാനത്ത്‌ അദ്ദേഹത്തിന്‌ തുടരാമെന്നും അച്ചടക്ക നടപടിയെടുത്ത കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായി.

പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തും പിബിയിലും പിണറായി വിജയന്‍ തടരും. പിണറായി വിജയനെതിരെ എന്തെങ്കിലും നടപടി ഉണ്‌ടാകുമോ എന്ന വിവരം അറിവായിട്ടില്ല.
02:05 PM

ഇരുവര്‍ക്കും കനത്ത താക്കീത് മാത്രം?

മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെയും പിണറായി വിജയനെയും കടുത്ത താക്കീത് നല്കി പിബിയില്‍ നിലനിര്‍ത്താന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. സിസിയ്ക്ക് ശേഷം ചേര്‍ന്ന പിബി യോഗത്തിലാണ് ഇത്തരമൊരു സാധ്യത ഉരുത്തിരിഞ്ഞു വന്നതായി സൂചനകളുള്ളത്.

വിഎസിനൊപ്പം പിണറായി വിജയനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം സിസിയില്‍ ഉയര്‍ന്നതാണ് ഇരുവര്‍ക്കും കനത്ത താക്കീത് നല്കി പ്രശ്നം അവസാനിപ്പിയ്ക്കാന്‍ ആലോചനയുള്ളത്. അങ്ങനെയൊരു നടപടിയുണ്ടായാല്‍ കേരളത്തിലെ സംഘടനാ വിഷയം വീണ്ടും കോള്‍ഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന നടപടിയായിരിക്കുമിതെന്ന് വിലയിരുത്തപ്പെടുന്നു.
1:25 PM

പിണറായിക്കെതിരെയും നടപടി?

കേന്ദ്ര കമ്മിറ്റി ചര്‍ച്ചകള്‍ക്ക് മറുപടി തയാറാക്കാനായി ചേര്‍ന്ന പിബി യോഗം അവസാനിച്ചു. കേന്ദ്ര കമ്മിറ്റി യോഗം വീണ്ടും തുടങ്ങിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയുടെ ആദ്യ സെക്ഷനില്‍ വിഎസിനൊപ്പം പിണറായിക്കെതിരെയും നടപടി വേണമെന്ന് ആവശ്യമുയര്‍ന്നതായി സൂചനകളുണ്ട്. വിഎസിനെതിരെയുള്ള നടപടി ശരിവെയ്ക്കുന്പോള്‍ തന്നെയാണ് ഒരുവിഭാഗം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഈയാവശ്യവുമായി രംഗത്തെത്തിയത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് പിണറായിയെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

ഇങ്ങനെയൊരു നീക്കമുണ്ടാവുമെന്ന് ഉറപ്പ് കിട്ടിയതിനാലാണ് വിഎസ് ഞായറാഴ്ച രാവിലെ കേരളത്തിലേക്ക് മടങ്ങാനുള്ള തീരുമാനം റദ്ദാക്കിയെന്നും അറിയുന്നു.

കേരളത്തിലെ ഔദ്യോഗികപക്ഷത്തിന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റിയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നരിയ്ക്കുന്ന വിവരം. ഭൂരിപക്ഷം അംഗങ്ങളും ഈയാവശ്യമുയര്‍ത്തിയാല്‍ പിണറായിയെ പിന്തുണക്കുന്ന ജനറല്‍ സെക്രട്ടറി കാരാട്ടിന് ഇതിനെതിരെ മുഖം തിരിയ്ക്കാനാവില്ല. കേന്ദ്ര കമ്മിറ്റിയില്‍ ഭിന്നത ഉണ്ടായാല്‍ വോട്ടെടുപ്പ് പോലുള്ള നടപടികളിലേക്ക് സിപിഎമ്മിന്റെ പരമോന്നത കമ്മിറ്റിയെ എത്തിയ്ക്കും. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
12:55 PM

പിബി യോഗം തുടരുന്നു; തീരുമാനം ഉടന്‍

കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന പിബി യോഗം തുടരുന്നു. പിബി തീരുമാനം വീണ്ടും കേന്ദ്ര കമ്മിറ്റിയ്ക്ക് മുന്പാകെ അവതരിപ്പിച്ച് അംഗീകാരം നേടും. ഇവിടെ തര്‍ക്കമുണ്ടാവുകയാണെങ്കില്‍ വോട്ടെടുപ്പ് വേണ്ടിവരും. എന്നാല്‍ അത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്നാണ് നിരീക്ഷിയ്ക്കപ്പെടുന്നത്. ഇതിന് ശേഷം പാര്‍ട്ടിയുടെ അന്തിമ തീരുമാനം വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ പിണറായിയെയും വിഎസിനെയും പിബിയില്‍ നിന്ന് സസ്പെന്റ് ചെയ്തപ്പോള്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്താണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തീരുമാനം അറിയിച്ചത്. എന്നാല്‍ ഈയൊരു നടപടി ഇത്തവണ ഉണ്ടാകില്ലെന്നാണ് സൂചന. അടുത്ത രണ്ടു മണിക്കൂറിനുള്ളില്‍ സിപിഎം തീരുമാനം പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

അതിനിടെ ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാതെ കേരള ഹൗസില്‍ വിശ്രമിയ്ക്കുന്ന വിഎസിന്റെ രക്തസമ്മര്‍ദ്ദം പരിശോധിയ്ക്കാന്‍ ഡോക്ടര്‍ എത്തിയിട്ടുണ്ട്.
12:20 PM

കേന്ദ്ര കമ്മിറ്റി അവസാനിച്ചു; പിബി തുടങ്ങി

നിര്‍ണായക സിപിഎം കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ചു. കേന്ദ്ര കമ്മിറ്റി ചര്‍ച്ചകള്‍ക്ക് മറുപടി തയ്യാറാക്കാനായി പോളിറ്റ് ബ്യൂറോ യോഗം ആരംഭിച്ചു.

പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പങ്കെടുക്കാന്‍ കഴിയുമായിരുന്ന അവസാനത്തെ പിബി യോഗമാണ് ഇപ്പോള്‍ ആരംഭിച്ചിരിയ്ക്കുന്നത്. ഇതില്‍ നിന്നാണ് വിഎസ് വിട്ടു നില്ക്കുന്നതെന്നത് ശ്രദ്ധേയമാണ്. അതിനിടെ വിഎസ് വൈകിട്ട് അഞ്ച് മണിയ്ക്ക് കേരളത്തിലേക്ക് മടങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.
12:05 PM

'രാജിവെക്കൂ' ;വിഎസിന് ഫാക്സുകള്‍

രക്ത സമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ ദില്ലിയിലെ കേരള ഹൗസില്‍ പങ്കെടുക്കുന്ന വിഎസ് അച്യുതാനന്ദന് കേരളത്തില്‍ നിന്നും ഫാക്സ് സന്ദേശങ്ങള്‍. രാജിവെച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്തുവരാനാവശ്യപ്പെട്ടാണ് ഫാക്സ് സന്ദേശങ്ങള്‍ ലഭിച്ചിരിയ്ക്കുന്നത്. അദ്ദേഹം ഫാക്സ് സന്ദേശങ്ങള്‍ വായിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ക്ഷീണിതനാണെങ്കിലും വിഎസ് കേരളത്തില്‍ തനിയ്ക്കൊപ്പം നില്ക്കുന്ന നേതാക്കളുമായി ചര്‍ച്ച ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നും സൂചനകളുണ്ട്.
11:50 AM

പലയിടങ്ങളിലും വിഎസ് അനുകൂല പോസ്റ്ററുകള്‍

വിഎസ് അച്യുതാനന്ദന്‍ വിട്ടുനില്ക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം ദില്ലിയില്‍ പുരോഗമിയ്ക്കവെ സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകാംക്ഷയുടെ മുള്‍മുനയില്‍. വിഎസിനെതിരെ നടപടിയുണ്ടാകുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടിയ്ക്കുള്ളില്‍ പലവിധ അണിയറനീക്കങ്ങളും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിഎസ് പക്ഷത്തിന് സ്വാധീനമുള്ള ചില പ്രദേങ്ങളില്‍ അദ്ദേഹത്തെ അനുകൂലിച്ച് പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിഎസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ അനുയായികളെ മ്ലാനത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ പിണറായിക്കെതിരെയും സംഘടനാതലത്തില്‍ നടപടികള്‍ ഉണ്ടാവുമെന്ന സൂചനകള്‍ ഇവര്‍ക്ക് നേരിയ സന്തോഷം പകരുന്നുണ്ട്.

അതേ സമയം ഔദ്യോഗികപക്ഷം തികഞ്ഞ സംയമനത്തോടെയാണ് കരുനീക്കങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്ത് ഒരിടത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷപ്രകടനങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ നടത്തുന്നത് ഏതുവിധേയനെയും തടയാന്‍ സംസ്ഥാന കമ്മിറ്റി കര്‍ശനമായ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
11:15 AM

സിസി: വിഎസ്‌ വിട്ടുനില്‌ക്കുന്നു

നിര്‍ണായകമായ സിപിഎം കേന്ദ്ര കമ്മിറ്റി രണ്ടാം ദിന യോഗത്തില്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പങ്കെടുക്കുന്നില്ല. വിട്ടുനില്‌ക്കലിനെ കുറിച്ച്‌ അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരോട്‌ 'അദ്ദേഹം ക്ഷീണിതനാണ്‌. അതിനാല്‍ വിശ്രമിയ്‌ക്കുകയാണെന്ന' മറുപടിയാണ്‌ വിഎസിനോട്‌ അടുത്തവൃത്തങ്ങളില്‍ നിന്നും ലഭിച്ചത്‌. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് വിശ്രമമെന്നും അവര്‍ അറിയിച്ചു.

യോഗത്തില്‍ പങ്കെടുക്കാതെ ഞായറാഴ്‌ച രാവിലെ തന്നെ കേരളത്തിലേക്ക മടങ്ങാന്‍ വിഎസ്‌ ആദ്യം ആലോചിച്ചിരുന്നുവെങ്കിലും ശനിയാഴ്‌ച രാത്രയോടെ തീരുമാനം മാറ്റുകയായിരുന്നു. യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു പിന്നീട്‌ വന്ന റിപ്പോര്‍ട്ടുകള്‍.
10:35 AM

സിസി രണ്ടാദിന യോഗം ആരംഭിച്ചു

ദില്ലി: കേരളഘടകത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ നിര്‍ണായക തീരുമാനങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്ന സിപിഎം കേന്ദ്രകമ്മറ്റിയുടെ രണ്‌ടാം ദിവസത്തെ യോഗം തുടങ്ങി.

വിഎസ്‌ അച്യുതാനന്ദനെതിരെ കടുത്ത അച്ചടക്ക നടപടികള്‍ വേണമെന്ന പിബി യോഗത്തിന്റെ ശുപാര്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചേക്കും. പിബിയില്‍ നിന്ന്‌ പുറത്താക്കപ്പെടുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ എന്തെങ്കിലും നടപടികള്‍ ഞായറാഴ്‌ചത്തെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉണ്ടാകുമോയെന്നാണ്‌ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്‌. അതേ സമയം വിഎസിനെതിരെ എന്തു തരത്തിലുള്ള നടപടി ഉണ്ടാകുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ഉറ്റുനോക്കുകയാണ്‌.

കേന്ദ്ര കമ്മിറ്റി യോഗത്തില്‍ എന്ത്‌ തരത്തിലുള്ള നടപടി ഉണ്ടായാലും പ്രാദേശിക തലത്തില്‍ ആഹ്ലാദപ്രകടനങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ ഉണ്ടാകാതെ ശ്രദ്ധിയ്‌ക്കണമെന്ന്‌ സംസ്ഥാന കമ്മിറ്റി എല്ലാ കീഴ്‌ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്‌.
10:05 AM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X