ഇന്ത്യയില്‍ പത്തുപേര്‍ക്കുകൂടി പന്നിപ്പനി
തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്ക് കൂടി എച്ച്1എന്‍1 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിനാണ് പന്നിപ്പനി സ്ഥിരീകരിച്ചിരിയ്‌ക്കുന്നത്. ഇതുള്‍പ്പെടെ സംസ്ഥാനത്ത് 12 പേര്‍ക്ക് പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു കഴിഞ്ഞു.
പത്തനംതിട്ട അടൂര്‍ സ്വദേശിയാണ് ഈ നഴ്‌സ്. ഇവരുടെ ചില ബന്ധുക്കള്‍ ഇംഗ്ലണ്ടില്‍ നിന്നും അടുത്തിടെ നാട്ടിലെത്തിയിരുന്നു. ഇവരില്‍ നിന്നാണ് പനി പടര്‍ന്നതെന്ന് കരുതപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുമായി ഇടപഴകിയവരെയും നിരീക്ഷിച്ചു വരികയാണ്.
രാജ്യത്ത് പത്ത് പേര്‍ക്കുകൂടി എച്ച്1എന്‍1 പനി ബാധിച്ചതായി ഞായറാഴ്‌ച ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു.ഇതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 193 ആയി. ഇവരില്‍ 113 പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടുവെന്നും ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു.
ദില്ലിയിലും പുനെയിലും മൂന്നുപേര്‍ക്ക് വീതവും ബാംഗ്ലൂരില്‍ രണ്ടുപേര്‍ക്കും കോഴിക്കോട്ടും മുംബൈയിലും ഒരാള്‍ക്ക് വീതവുമാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. രോഗം സംശയിച്ച് 1,145 പേരെ ഇന്ത്യയില്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു.












Click it and Unblock the Notifications