ഇന്ത്യയില്‍ നാലാമത്തെ പന്നിപ്പനി മരണം
മുംബൈ: ജനങ്ങളെയാകെ ഭീതിയാഴ്‌ത്തിക്കൊണ്ട് രാജ്യത്ത് പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു. പന്നിപ്പനി ബാധയെത്തുടര്‍ന്ന് ഗുജറാത്തിലും പുനെയിലുമായി രണ്ടുപേര്‍ മരിച്ചു.
അഹമ്മദാബാദില്‍ ഒരു വിദേശ ഇന്ത്യക്കാരനും പുനെയില്‍ ഒരു അധ്യാപകനുമാണ് ഞായറാഴ്‌ച മരിച്ചത.് ഇതോടെ ഇന്ത്യയില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
ശനിയാഴ്‌ച മുംബൈയില്‍ ഒരു അമ്പത്തിമൂന്നുകാരി പനിബാധിച്ച് മരിച്ചിരുന്നു. ഇതിന് മുമ്പ് പുനെയില്‍ മരിച്ച പതിനാലുകാരിയായ റീദാ ഷെയ്‌ഖ് ആണ് ഇന്ത്യയില്‍ പന്നിപ്പനിയുടെ ആദ്യ ഇരയായത്. പനി ബാധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നൂറോളമാളുകള്‍ ചികിത്സ തേടിയിട്ടുണ്ട്.
പുനെയിലും മുംബൈയിലുമാണ് കൂടുതല്‍പന്നിപ്പനി കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ ഇപ്പോള്‍ താനെ ഒസ്‌മനാബാദ് തുടങ്ങിയ ജില്ലകളിലും പന്നിപ്പനി ബാധയുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു.
മഹാരാഷ്ട്രത്തില്‍ മാത്രം 250ലധികം പേര്‍ പന്നിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുനെയിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ക്ക് പനിബാധ. ഇവിടെ 164 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 45പേരാണ് രോഗം ബാധിച്ച് ചികിത്സതേടിയിരിക്കുന്നത്. മുംബൈയില്‍ 18 പേര്‍ ചികിത്സയിലാണ്. പുനെയില്‍ കഴിഞ്ഞ ദിവസം ഒരു ഡോക്ടറെയും ഒരു ഫാര്‍മസിസ്റ്റിനെയും അത്യാസന്നനിലയില്‍ സസൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വെള്ളിയാഴ്‌ച ഒരു ആറുവയസ്സുകാരിയെയും ആശുപത്രിയില്‍ പ്രവേശിച്ചു. ഈ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയിലും ഡോക്ടര്‍മാര്‍ക്ക് പന്നിപ്പനി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് പറയുന്നുണ്ടെങ്കിലും അനുദിനം രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications