പന്നിപ്പനി: സ്കൂളുകളില്‍ പ്രത്യേക ക്ലാസ്
കൊച്ചി: എറണാകുളം ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി എച്ച് 1 എന്‍1 പനി സ്‌ഥിരീകരിച്ചു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പരിശോധിയ്‌ക്കാന്‍ നിയോഗിച്ച ഡോക്‌ടര്‍ക്കും ആലുവ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്കുമാണ് അവസാനമായി രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്തു പനി സ്‌ഥിരീകരിച്ചവരുടെ എണ്ണം 71 ആയി ഉയര്‍ന്നു.
ഇതിനിടെ ബാംഗ്ലൂരില്‍ പന്നിപ്പനി ബാധിച്ച് മരിച്ച് ഒരാള്‍ കൂടി മരിച്ചു. ഇരുപത്തിയാറുകാരിയായ സംഷാദ് ബീഗം ആണ് അവസാനമായി മരിച്ചത്. എന്‍1എച്ച്1 ബാധിച്ച് രാജ്യത്ത് മരിച്ച ഇരുപത്തിയാറാമാത്തെയാളാണ് സംഷാദ്.
സംസ്‌ഥാനത്ത് ശനിയാഴ്‌ച 13 പേര്‍ക്ക് എച്ച് 1 എന്‍ 1 സ്‌ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും നാലുപേര്‍ക്കു വീതവും കോഴിക്കോട് രണ്ടുപേര്‍ക്കും തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവരുള്‍പ്പെടെ 25 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണ്. രോഗികളുമായി അടുത്ത് പഴകിയവരുടെ വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിയ്‌ക്കുന്നുണ്ട്.
സംസ്‌ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും തിങ്കളാഴ്‌ച രാവിലെ ചേരുന്ന പ്രത്യേക അസംബ്ലിയില്‍ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ പന്നിപ്പനി സംബന്ധിച്ചു വിദ്യാര്‍ഥികളോടു സംസാരിക്കും. ഗ്രാമപ്രദേശങ്ങളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും നഗരങ്ങളില്‍ ഗവണ്‍മെന്റ് ആശുപത്രികളിലെയും മെഡിക്കല്‍ കോളജുകളിലെയും ഡോക്‌ടര്‍മാരായിരിക്കും ക്ലാസുകള്‍ എടുക്കുക.
പനി, ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ 10 ദിവസം വരെ അവധി നല്‍കണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ മുഹമ്മദ് ഹനീഷ് നിര്‍ദേശിച്ചു. ഇവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര നിര്‍ദേശം അനുസരിച്ചാണ് പുതിയ നടപടി.












Click it and Unblock the Notifications