ഐസകിന്‍റെ വകുപ്പിനെതിരെ ഇപി ജയരാജന്‍
തൃശ്ശൂര്‍: ധനമന്ത്രി തോമസ് ഐസക്കിന്റെ കീഴിലുള്ള വാണിജ്യനികുതി വകുപ്പിന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്റെ രൂക്ഷവിമര്‍ശം. വകുപ്പിന്റെ തൃശ്ശൂര്‍ ഓഫീസ് അഴിമതിക്കാരുടെ താവളമാണെന്നും ഇത് സര്‍ക്കാരിന് അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത് അത്ഭുതപ്പെടുത്തുകയാണെന്ന് പറഞ്ഞ ജയരാജന്‍, അതിനായി കോടതിയെ സമീപിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത ചില ഉദ്യോഗസ്ഥര്‍ തൃശ്ശൂര്‍ ഓഫീസില്‍ ഇപ്പോഴും തുടരുന്നത് എങ്ങനെയാണെന്നും ജയരാജന്‍ ചോദിച്ചു.
ധനവകുപ്പിന്റെ ശ്രദ്ധയില്‍ ഇതെത്തിയിട്ടുണ്ടാവാന്‍ സാധ്യതയില്ല. ഇവിടെ സര്‍ക്കാരിന്റെ നയമല്ല പിന്തുടരുന്നത്. ഇടതുപക്ഷവിരുദ്ധരുടെ താത്പര്യങ്ങളാണിവിടെ സംരക്ഷിക്കപ്പെടുന്നത്. പ്രശ്‌നക്കാരായ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണം. ധനകാര്യവകുപ്പ് ഇക്കാര്യത്തില്‍ ഇടപെടണം- ജയരാജന്‍ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവാന്‍ വ്യാപാരികള്‍ എല്ലാ വ്യവസ്ഥകളെയും ഉപയോഗിക്കണം. നടപടിയില്ലെങ്കില്‍ ജുഡീഷ്യറിയെയും സമീപിക്കണം. അങ്ങനെവന്നാല്‍ അത് ഭരണത്തിന് ഉണ്ടാക്കുന്ന കോട്ടം വലുതായിരിക്കും.
വ്യാപാരിസമിതി നേതാക്കളെ അസഭ്യംപറയുകയാണ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ പരിപാടി. ഇനിയും അത് തുടര്‍ന്നാല്‍ അവര്‍ അനുഭവിക്കും. അനാവശ്യമായി വ്യാപാരികളെ ദ്രോഹിച്ചാല്‍ നിങ്ങള്‍ നോക്കിനില്‍ക്കണമെന്നില്ല. നന്നായി പ്രതികരിക്കണം, പ്രതികരിച്ചാലേ ഇവനൊക്കെ അറിയൂ''- ജയരാജന്‍ പറഞ്ഞു.
സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി വ്യാഴാഴ്ച നടത്തിയ സെയില്‍സ് ടാക്‌സ് ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുക, വ്യാപാരസ്ഥാപനങ്ങളിലെ അനാവശ്യ റെയ്ഡ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.












Click it and Unblock the Notifications