സ്വസ് നിക്ഷേപം: വിവരങ്ങള്‍ കിട്ടാന്‍ കടമ്പകളേറെ
ദില്ലി: ഇന്ത്യന്‍ പൗരന്‍മാരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച് വിവരം നല്‍കാനാവില്ലെന്ന് സ്വിസ് ബാങ്കേഴ്‌സ് അസോസിയേഷന്റെ ഉന്നത പ്രതിനിധി വ്യക്തമാക്കി. രാജ്യത്തെ ഒട്ടേറെ പൗരന്‍മാര്‍ അനധികൃതമായി സമ്പാദിച്ച ശതകോടിക്കണക്കിന് കണക്കില്‍പ്പെടാത്ത പണം സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളതായി ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ സ്വിസ് ബാങ്കിനെ സമീപിയ്‌ക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം നടപ്പില്ലെന്ന നിലപാടുമായി സ്വിസ് ബാങ്കുകളുടെ പ്രതിനിധി രംഗത്തെത്തയിരിക്കുന്നത്. സ്വിറ്റ്‌സര്‍ലര്‍ണ്ടിലെ നിയമങ്ങള്‍ ഇത്തരത്തില്‍ അന്യരാജ്യങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ അനവദിയ്‌ക്കുന്നില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.
എന്നാല്‍ ഈയിടെ ഇതേ ആവശ്യമുന്നയിച്ച് അമേരിക്കന്‍ സര്‍ക്കാര്‍, സ്വിസ് ബാങ്കുകളെ സമീപിച്ചപ്പോള്‍ യുഎസ് പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ഇവര്‍ നിര്‍ബന്ധിതരായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപി യുള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍, സ്വിസ് ബാങ്കില്‍ നിന്ന് ഇന്ത്യ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്‌ദാനം നല്‍കിയിരുന്നു.
അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാര്‍ സ്വദേശത്തേയും വിദേശത്തേയും പൗരന്‍മാരുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തു കൊണ്ടു വരാനുള്ള നടപടികള്‍ സ്വീകരിയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വിസ് അധികൃതരുമായി ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്നാണ് ധനകാര്യവകുപ്പ് മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നത്.
ഡബിള്‍ ടാക്‌സേഷന്‍ എഗ്രിമെന്‍റ് പ്രകാരമാണു സ്വിസ് ബാങ്ക് ഏതു വിദേശരാജ്യത്തിനും നിക്ഷേപകരെക്കുറിച്ചുള്ള വിവരം നല്‍കേണ്ടത്. എന്നാല്‍ നിക്ഷേപങ്ങളുടെ രഹസ്യസ്വഭാവത്തിന് എന്നും പ്രഥമ പരിഗണന നല്‍കുന്ന സ്വിസ് ബാങ്ക് നയം അനുസരിച്ച് ഇത്തരം വിവര ശേഖരണം ഏറെ ബുദ്ധിമുട്ടേറിയതാണ്.
അതേ സമയം നിക്ഷേപകര്‍ക്ക് നൂറ് ശതമാനം രഹസ്യസ്വഭാവം സ്വിസ് ബാങ്കുകള്‍ ഉറപ്പ് നല്‍കുന്നില്ല. സിവില്‍, ക്രിമിനല്‍ കേസന്വേഷണങ്ങളുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ കൈമാറാറുണ്ട്. ബൊഫോഴ്‌സ് കേസില്‍ ദൈര്‍ഘ്യമേറിയ പ്രക്രിയയ്‌ക്കൊടുവില്‍ ഇന്ത്യക്ക് ഇത്തരം വിവരങ്ങള്‍ ലഭിച്ചിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ ആവശ്യം പൂര്‍ണമായും നികുതിയുമായി ബന്ധപ്പെട്ടതാണ്. സ്വിസ് സര്‍ക്കാരിന്റെ നികുതി വകുപ്പിനു പോലും സ്വിസ് ബാങ്കുകളിലെ നിക്ഷേപകന്റെ വിവരങ്ങള്‍ അനുവാദമില്ലാതെ പരിശോധിക്കാന്‍ കഴിയില്ല. അതിന് സ്വിസ് നിയമം കര്‍ശനമായ ഉപാധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications