മാനത്ത് എയര്‍ ഇന്ത്യക്കുള്ളില്‍ കൈയ്യാങ്കളി
ദില്ലി: നൂറിലേറെ യാത്രക്കാരുമായി പറക്കുന്നതിനിടെ എയര്‍ ഇന്ത്യ ജീവനക്കാരും പൈലറ്റുമാരും തമ്മിലുണ്ടായ കൈയ്യാങ്കളിയെക്കുറിച്ച് ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്‌ച ഷാര്‍ജിയില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രാമധ്യേ എ 320 വിമാനത്തിലാണ് യാത്രക്കാരുടെ ജീവന് പുല്ലുവില കല്‌പിച്ച് ജീവനക്കാരും പൈലറ്റുമാരും തമ്മിലടിച്ചത്.
എയര്‍ഹോസ്റ്റസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവത്തെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം തുടങ്ങി. 106 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് എയര്‍ബസ് എ 320 വിമാനത്തിലുണ്ടായിരുന്നത്. വിമാനം ലഖ്‌നൊവിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഷാര്‍ജയില്‍ നിന്ന് വിമാനം പുറപ്പെടുന്നതിന് മുമ്പേ പൈലറ്റുമാരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കോക്‌പിറ്റിനുള്ളില്‍ കയറിയ എയര്‍ഹോസ്‌റ്റസിനെ പൈലറ്റുമാര്‍ പുറത്തേക്ക് പിടിച്ചുതള്ളിയെന്നും എയര്‍ ഹോസ്‌റ്റസിനോട് അപമര്യാദയായി പെരുമാറിയെന്നും ക്യാബിന്‍ ക്രൂ ജീവനക്കാര്‍ ആരോപിക്കുന്നു.
എന്നാല്‍ ഒരു ക്യാബിന്‍ക്രൂ ജീവനക്കാരന്‍ വിമാനത്തിന്റെ സുരക്ഷയെ വരെ ബാധിയ്‌ക്കാവുന്ന തരത്തില്‍ പെരുമാറിയെന്നും ഇതിനെതിരെയാണ് തങ്ങള്‍ പ്രതികരിച്ചതെന്നും പൈലറ്റുമാര്‍ പറയുന്നു. എയര്‍ഹോസ്‌റ്റസിനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഈ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അടവാണെന്ന് പൈലറ്റുമാരും ആരോപിയ്‌ക്കുന്നു.
ഏകദേശം 30,000 അടി ഉയരത്തില്‍ പാകിസ്‌താന് മുകളില്‍ കൂടി പറക്കുമ്പോഴാണ് ജോലിക്കാരായ ഒരു പുരുഷനും സ്‌ത്രീയും ചേര്‍ന്ന് പൈലറ്റും സഹപൈലറ്റുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ഒടുവില്‍ ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്‌തത്. സകല സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചാണ് തികച്ചും നിരുത്തരവാദപരമായി ജീവനക്കാര്‍ തമ്മിലടിക്കാന്‍ മുതിര്‍ന്നത്. സംഘര്‍ഷം പരിധി വിട്ടതോടെ ക്യാപ്‌റ്റന്‍ വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് രംഗം ശാന്തമായത്.
വിമാനം ദില്ലിയിലെത്തിയ ശേഷം ഈ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യയും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൈലറ്റിനേയും ജീവനക്കാരനേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications