പ്രളയം: ദക്ഷിണേന്ത്യയില്‍ മരണം 246
ബാംഗ്ലൂര്‍: കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ദക്ഷിണേന്ത്യയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 246 ആയി. എന്നാല്‍ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 500 ഓളം പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. നൂറുകണക്കിന് പേരെ കാണാതായിട്ടുണ്ട്. മൂന്ന് ദിവസമായി തുടരുന്ന പേമാരി ശക്തമായി തുടരുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കര്‍ണാടകത്തിന്റെ വടക്കന്‍ ജില്ലകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്.സംസ്ഥാുനത്ത് ഇതുവരെ 149 പേര്‍ ദുരന്തത്തില്‍ മരിച്ചു. ബിജാപൂര്‍, റായ്‌ചൂര്‍, ബെല്ലാരി, കൊപ്പള,ബാഗല്‍കോട്ട്, ബല്‍ഗാം ജില്ലകളിലാണ് നാശനഷ്‌ടം ഏറെയുണ്ടായത്. കാര്‍വാറില്‍ മലയിടിഞ്ഞുണ്ടായ അപകടത്തില്‍ ഇരുപത് പേര്‍ മരിച്ചു. റായ്‌ചൂരിലെ പ്രസിദ്ധമായ മന്ത്രാലയ ആശ്രമം വെള്ളത്തിലായി. ആശ്രമത്തിലെ മഠാധിപതി സുയതീന്ദ്ര തീര്‍ത്‌ഥ സ്വാമിയെ സൈന്യം ഹെലികോപ്‌ടറിലെത്തിയാണ് രക്ഷപ്പെടുത്തിയത്.
റായ്‌ചൂരിലെ തുംഗഭദ്ര, ബിജാപൂരിലെ കൃഷ്‌ണ, ബെല്ലാരിയിലെ മലപ്രഭ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി കര, നാവിക, വ്യോമസേനയുടെ സഹായം സര്‍ക്കാര്‍ അഭ്യര്‍ത്‌ഥിച്ചിട്ടുണ്ട്. നാവിക സേന അന്‍പത് ബോട്ടുകളും വ്യോമസേന പത്ത് ഹെലികോപ്‌ടറും രംഗത്തിറക്കിയിട്ടുണ്ട്. പ്രളയത്തില്‍ ഒറ്റപ്പെട്ടവര്‍ക്കായി വ്യോമസേന ഇരുപതിനായിരത്തിലേറെ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്‌തു.
മഴ മൂലം നദികള്‍ അപകടകരമായ നിലയിലാണ്. വൈദ്യുതവിതരണവും ഫോണ്‍ ബന്‌ധങ്ങളും പൂര്‍ണമായും നിലച്ചു. ഗ്രാമങ്ങളും ചെറിയ പട്ടണങ്ങളും പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. മറിഞ്ഞ വൈദ്യുതി കമ്പികളില്‍ ഷോക്കേറ്റാണ് പതിന്നാലുപേര്‍ മരിച്ചത്. ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ സംഭവിച്ച ദുരന്തങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയും പതിനായിരക്കണക്കിന് കന്നുകാലികളും ദുരന്തത്തില്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്.
ആന്‌ധ്രയില്‍ 21 പേര്‍ മരിച്ചതിനു പുറമേ 850 പേരെ പ്രളയത്തില്‍ കാണാതായിട്ടുണ്ട്. നാലര ലക്ഷം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചത്. 36 മണിക്കൂറായി തുടരുന്ന പേമാരി കുര്‍ണൂല്‍, നല്‍ഗൊണ്ട, മഹബൂബ്‌നഗര്‍, കൃഷ്‌ണ ജില്ലകളില്‍ ഭീകരമായ വെള്ളപ്പൊക്കമുണ്ടാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്‌ടിട്ടുള്ള ന്യൂനമര്‍ദ്ദമാണ് ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ കനത്ത മഴയ്‌ക്കു കാരണം.












Click it and Unblock the Notifications