കണ്ണൂര്‍ ഉപതിരഞ്ഞെടുപ്പ് നിരീക്ഷണം കര്‍ശനമാക്കും
കണ്ണൂര്‍: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ക്രമക്കേട് ഒഴിവാക്കുന്നതിന് പോളിങ് സമയം മാറ്റുന്നതടക്കമുള്ള ശക്തമായ നടപടികളെടുക്കാന്‍ ജില്ലാ കലക്ടര്‍ പിബി സലീം വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ധാരണയായി.
ഇതിന്റെ ഭാഗമായി മറ്റു മണ്ഡലങ്ങളില്‍ ഏഴ് മണിയ്‌ക്ക് തുടങ്ങുന്ന പോളിങ് കണ്ണൂരില്‍ എട്ടുമണിയ്‌ക്കായിരിക്കും ആരംഭിക്കുക. അഞ്ചിന് തന്നെ അവസാനിക്കും. വോട്ട് ചെയ്യാനെത്തുന്ന എല്ലാവരുടെയും ഫോട്ടോ എടുക്കാനും വിരലടയാളം പതിപ്പിയ്‌ക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രചരണം അവസാനിയ്‌ക്കുന്ന വൈകിട്ട് അഞ്ചിന് മറ്റു മണ്ഡലങ്ങളില്‍ നിന്നുള്ള മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ കണ്ണൂര്‍ മണ്ഡലം വിട്ടുപോകണമെന്നും നിര്‍ദ്ദേശമുണ്ട്. അഞ്ചിന് ശേഷം എസ്‌എംഎസ് അടക്കമുള്ള പ്രചരണങ്ങളും നിരോധിച്ചിട്ടുണ്ട്. ബൂത്തിന് 200 മീറ്റര്‍ പരിധിയില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനാണ് വോട്ടെടുപ്പ് സമയത്തില്‍ ഭേദഗതി നിര്‍ദ്ദേശിച്ചതെന്ന് കളക്‌ടര്‍ പിബി സലീം പറഞ്ഞു. സുരക്ഷ ശക്തമാക്കുന്നതിന് രണ്ട് മടങ്ങ് പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കും. അഞ്ച് പോളിങ് സ്റ്റേഷനുകള്‍ക്ക് സെക്ടര്‍ മജിസ്‌ട്രേട്ടിനെയും 15 പോളിങ് സ്റ്റേഷനുകള്‍ക്ക് ഡെപ്യൂട്ടി മജിസ്‌ട്രേട്ടിനെയും നിയമിക്കും.
പിബി സലീം കണ്ണൂര്‍ ജില്ലയുടെ ചുമതല ഏറ്റെടുത്തശേഷം ആദ്യ സര്‍വകക്ഷിയോഗമായിരുന്നു ഇത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, നിരീക്ഷകര്‍, ജില്ലാ പോലീസ് അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications