പോള്‍ വധം: സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

പ്രതിപട്ടികയില്‍ മാറ്റമില്ല. ജയചന്ദ്രന്‍ ഒന്നാം പ്രതിയും കാരി സതീശ് രണ്ടാം പ്രതിയും ഗുണ്ടാ നേതാക്കളായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവര്‍ 24, 25 പ്രതികളുമാണ്. സിബിഐ എഎസ്പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തിയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എഫ്‌ഐആറിന് പുറമേ മുഖ്യസാക്ഷി പോളിന്റെ ഡ്രൈവര്‍ ഷിബുവിന്റെ മൊഴിയുടെ പൂര്‍ണരൂപത്തിന്റെ പകര്‍പ്പും കോടതിയ്ക്ക് കൈമാറി.
പ്രതികള്‍ക്കെതിരെ സ്‌ഫോടകവസ്തു, ആയുധ വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. കേസന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചു.
പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയതു ബിസിനസ് വൈരാഗ്യ മുള്ളവരാണെന്ന പോളിന്റെ ഡ്രൈവര്‍ ഷിബു തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിലെ മറ്റൊരു ബിസിനസ് ഗ്രൂപ്പിന് അടുത്ത കാലത്തു പോളിന്റെ ചില ബിസിനസ് നീക്കങ്ങളിലുണ്ടായിരുന്ന അതൃപ്തിയെ പറ്റി സിബിഐക്കു വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലഭിക്കുന്ന അപ്രധാനമെന്നു തോന്നുന്ന വിവരങ്ങള്‍ പോലും വിശദമായി പരിശോധിക്കുമെന്നു സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
കൊല്ലപ്പെടുന്നതിനു മുന്‍പുള്ള പോളിന്റെ നീക്കങ്ങള്‍ വ്യക്തമായി അറിയാവുന്ന ഷിബു കേസന്വേഷണത്തില്‍ നിര്‍ണായക കണ്ണിയാണെന്നാണു സിബിഐയുടെ നിഗമനം. അന്വേഷണത്തിന്റെ ആദ്യപടിയായി ഷിബുവിനെ വിശദമായി ചോദ്യം ചെയ്യാനാണു സിബിഐ ഒരുങ്ങുന്നത്.












Click it and Unblock the Notifications