ഒളിക്യാമറ: നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് യുവാവ്

പൂര്‍ണനഗ്നനാക്കി അരമണിക്കൂറിലേറെ തുടര്‍ച്ചയായി മര്‍ദിച്ചതായി രാഹുല്‍ മൊഴി നല്‍കി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയാവാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രാഹുല്‍, തന്നെ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വക്കേറ്റ് കെ.ഇ ഗംഗാധരന്‍ മുമ്പാകെയാണ് ഈ മൊഴി നല്കിയത്.
മൂത്രപ്പുരയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ മൊബൈല്‍ ക്യാമറ കണ്ടെടുത്ത കെ.എം.സി.ടി. കോളേജ് വിദ്യാര്‍ഥിനിയായ ബന്ധു വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച സാഗര്‍ ഹോട്ടലില്‍ എത്തിയത്. അവിടെ എത്തിയപ്പോഴേക്കും ക്യാമറ സ്ഥാപിച്ച യുവാവിനെ പിടികൂടിയിരുന്നു.
അയാളുമായി തര്‍ക്കം നടക്കുന്നതിനിടെയാണ് നടക്കാവ് എസ്.ഐ സുനിലും സംഘവും ഹോട്ടലില്‍ എത്തിയത്. ഈ സമയം ചിത്രീകരണം നടത്തിയ മൊബൈല്‍ എന്റെ കൈവശമായിരുന്നു. എസ്.ഐ. ഇതു നല്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ കൂട്ടാക്കിയില്ല.
വനിതാ കമ്മീഷന്‍ മുമ്പാകെയോ സിറ്റി പോലീസ് കമ്മീഷണര്‍ മുമ്പാകെയോ മാത്രമേ ഇതു ഹാജരാക്കുകയുള്ളൂവെന്ന് എസ്.ഐ യോടു പറഞ്ഞത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. ഇതേ നിലപാടുതന്നെ വിദ്യാര്‍ഥിനികളും എടുത്തതോടെ അദ്ദേഹം അവരോട് മര്യാദവിട്ട് സംസാരിച്ചു.
തൊട്ടുപിന്നാലെ എന്നെ പിടിച്ചുവലിച്ച് പ്രതിയെ കയറ്റിയ അതേ ജീപ്പില്‍ കയറ്റി. നടക്കാവ് സ്‌റ്റേഷനിലേക്കു പോകുന്നതിനിടെ അശ്ലീലം കലര്‍ന്ന രീതിയില്‍ ചീത്തവിളിക്കുകയും തലയ്ക്ക് കുത്തുകയും ചെയ്തു.
സ്‌റ്റേഷനിലെത്തിയ ഉടന്‍ പിടിച്ചുവലിച്ച് ഇറക്കി സ്‌റ്റേഷനിലെ മൂന്നാമത്തെ മുറിയില്‍ കൊണ്ടുപോയി പൂര്‍ണ നഗ്‌നനാക്കി. എസ്.ഐ.മാരുടെ നേതൃത്വത്തില്‍ പോലീസുകാര്‍ മാറിമാറി മര്‍ദിച്ചു- ഇതാണ് രാഹുലിന്റെ മൊഴിയിലെ പ്രധാന ഭാഗങ്ങള്‍.
ഈ സമയത്തെല്ലാം യഥാര്‍ഥ പ്രതി കുറച്ചകലെ ഇരിക്കുന്നുണ്ടായിരുന്നുവത്രേ. ഒരു പോലീസുകാരന്‍ തന്ന ദിനപത്രം കൊണ്ട് ശരീരം മറച്ചാണ് താന്‍ മുറിയുടെ പുറത്തെത്തിയതെന്നും രാഹുല്‍ പറഞ്ഞു.
പോലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ രാഹുലിന് മൂത്രതടസ്സവും ഇടത് ചെവിയ്ക്ക് വേദനയുമുണ്ട്്.
രാഹുലിന്റെ മൊഴിയുടെ പകര്‍പ്പ് അടുത്ത ദിവസം ഉത്തരമേഖലാ എ.ഡി.ജി.പി.ക്ക് അയച്ചുകൊടുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
ഇതിനിടെ , നടക്കാവ് എസ്.ഐ കെ.കെ ബിജു രാഹുലിനെ നേരില്‍ക്കണ്ട് മാപ്പ് അപേക്ഷിച്ചു. പ്രതിയാണെന്നു കരുതിയാണ് മര്‍ദിച്ചതെന്നും മനഃപൂര്‍വമല്ലായിരുന്നെന്നും രാഹുലിനോട് എസ്.ഐ. പറഞ്ഞു. രാഹുലിനെ മര്‍ദ്ദിച്ചകാര്യം വാര്‍ത്തയായപ്പോള്‍ത്തന്നെ മാധ്യമങ്ങളോട് ആളുമാറിയാണ് മര്‍ദ്ദിച്ചതെന്ന് ബിജു വ്യക്തമാക്കിയിരുന്നു. പ്രശ്‌നം കൂടുതല്‍ ഗുരുതരമാകും എന്ന് കണ്ടതോടെയാണ് ആശുപത്രിയിലെത്തി മാപ്പു പറഞ്ഞത്.












Click it and Unblock the Notifications