അധ്യാപിക കുത്തി; കുട്ടിയുടെ കാഴ്ച നഷ്ടമായി
റാഞ്ചി: അധ്യാപികയുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിയുടെ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ജാര്‍ഖണ്ഡിലെ ലോഹര്‍ദഗ്ഗ ജില്ലയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇവിടത്തെ സരസ്വതി ശിശു മന്ദിറിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ആകാശ് കുമാറിന്റെ കാഴ്ചയാണ് നഷ്ടമായത്. അധ്യാപികയായ അനിത വര്‍മ്മ വടികൊണ്ട് ആകാശിന്റെ ഇടതുകണ്ണിന് കുത്തുകയായിരുന്നുവത്രേ. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കാഴ്ചശക്തി തിരിച്ചുകിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു.
കണ്ണിന്റെ റെറ്റിനയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും കോര്‍ണിയ പുറത്തുവന്നുപോയിട്ടുണ്ടെന്നും ഇത് പരിഹരിക്കാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വിദഗ്ധചികിത്സയ്ക്കായി ചെന്നൈയിലേയ്‌ക്കോ ദില്ലിയിലേയ്‌ക്കോ ആകാശിനെ കൊണ്ടുപോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ കുട്ടി ഒന്നും കാണാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധചികിത്സയ്ക്കായി കുട്ടിയെ ചെന്നൈയിലോ ദില്ലിയിലോ കൊണ്ടുപോകാനുള്ള സാമ്പത്തികാവസ്ഥ തങ്ങള്‍ക്കില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ആകാശിന്റെ പിതാവ് ഒരു കര്‍ഷകനാണ്, ഇദ്ദേഹത്തിന് ആകാശിനെക്കൂടാതെ മറ്റ് രണ്ട് കുട്ടികള്‍കൂടിയുണ്ട്. അധ്യാപികയ്‌ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഓഫീസര്‍ വ്യക്തമാക്കി.












Click it and Unblock the Notifications