തരൂരിന് പകരക്കാരന്‍ ആരാവും?

കെസി വേണുഗോപാലിന്റെ പേരാണ് എവിടെയും പറഞ്ഞുകേള്‍ക്കുന്നത്. അതേസമയം തരൂരിന് പകരക്കാരനെ ഉടന്‍ കണ്ടെത്തുന്നതും മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തുന്നതും കോണ്‍ഗ്രസിന്റെയും പ്രധാനമന്ത്രിയുടെയോ അടിയന്തര അജണ്ടയില്‍ ഇല്ലെന്നും സൂചനയുണ്ട്.
ബജറ്റ് സമാപനസമ്മേളനത്തോടെ ചര്‍ച്ചകള്‍ സജീവമാകുമെന്നാണ് കരുതപ്പെടുന്നത്. രണ്ടാം യുപിഎ സര്‍ക്കാറില്‍ കേരളത്തിന് ലഭിച്ചത് പ്രതീക്ഷയിലേറെയാണെന്ന് ആദ്യമേ തന്നെ ഉത്തരേന്ത്യന്‍ നേതാക്കള്‍ പരാതിപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പുതിയ മന്ത്രിയെ കേരളത്തില്‍ നിന്നുതന്നെ തിരഞ്ഞെടുക്കുമോയെന്നകാര്യത്തില്‍ ഉറപ്പില്ല.
കേരളത്തില്‍ നിന്നും തരൂരിന് പകരക്കാരനായി ആരെയും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേഷ് ചെന്നിത്തല തിങ്കളാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമാണ് അടുത്ത മാസം. വകുപ്പുകളുടെയെല്ലാം വാര്‍ഷിക പ്രവര്‍ത്തന അവലോകനത്തിനുള്ള സമയവുമായി. ജൂലൈയില്‍ എഐസിസിയിലും അഴിച്ചുപണി വന്നേയ്ക്കാനിടയുണ്ട്. മന്ത്രിമാരില്‍ ചിലരെ പാര്‍ട്ടി പ്രവര്‍ത്തനത്തിനു നിയോഗിച്ചേക്കാം. ഈ സാഹചര്യങ്ങളില്‍ മന്ത്രിതലത്തിലെ മാറ്റങ്ങളും വരും. ആ സമയത്തും തരൂരിനു പകരം കേരളത്തില്‍ നിന്നു പുതിയ മന്ത്രിയെ പരിഗണിക്കുമോ എന്നും ഉറപ്പില്ല.
രണ്ടാം യുപിഎ സര്‍ക്കാറില്‍ കേരളത്തിന് ലഭിച്ചത് രണ്ടു ക്യാബിനറ്റ് മന്ത്രിമാരും നാലു സഹമന്ത്രിമാരുമായിരുന്നു. അതിലൊരു സഹമന്ത്രിയെയാണ് ഇപ്പോള്‍ നഷ്ടപ്പെട്ടത്. തരൂര്‍ മന്ത്രിസഭയിലെത്തിയതു കേരളത്തിന്റെ പ്രതിനിധി എന്ന നിലയ്ക്കു മാത്രമായിരുന്നില്ല. ഐക്യരാഷ്ട്ര സംഘടനയിലെ പ്രവര്‍ത്തനവും വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളും മന്‍മോഹന്‍ സിങ്ങുമായുള്ള അടുപ്പവുമൊക്കെ തരൂരിന് അനുകൂല ഘടകങ്ങളായി.
ജാതി, മത പരിഗണനകളും തരൂരിന് പകരക്കാരനെ നിശ്ചയിക്കുമ്പോള്‍ നിര്‍ണായകമാകും. ശശി തരൂര്‍ നായര്‍ സമുദായത്തിന്റെ പ്രതിനിധി കൂടി ആയിരുന്നുവെന്നു പറയാമെങ്കിലും എന്‍എസ്എസ് അദ്ദേഹത്തെ സ്വന്തം പ്രതിനിധിയെന്ന നിലയില്‍ കണ്ടിരുന്നില്ല.
മന്ത്രിപദവി നായര്‍ സമുദായത്തിനു തന്നെ നല്‍കുകയാണെങ്കില്‍ കേരളത്തില്‍ നിന്നും പരിഗണിക്കപ്പെടാന്‍ മൂന്നു പേരുണ്ട് കെ.സി. വേണുഗോപാല്‍, പീതാംബരക്കുറുപ്പ്, എം.കെ. രാഘവന്‍. സമുദായം നോക്കുന്നില്ലെങ്കില്‍ ആദ്യം പരിഗണിക്കപ്പെടുക പി.സി. ചാക്കോ ആയിരിക്കുമെന്നാണ് സൂചന. കൊടിക്കുന്നില്‍ സുരേഷിന്റെ പേരും ഉയര്‍ന്നേയ്ക്കാമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.












Click it and Unblock the Notifications