പതിനെട്ടാംപടി വീതികൂട്ടാനാകില്ല: തന്ത്രി
ശബരിമല: കോടതി വിധിപ്രകാരം ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാംപടിയുടെയും ശ്രീകോവില്‍ വാതിലിന്റെയും വീതി കൂട്ടാന്‍ പറ്റില്ലെന്നു തന്ത്രി കണ്ഠര് മഹേശ്വരര്‍.
ദര്‍ശനം സുഗമമാക്കാന്‍ പതിനെട്ടാംപടിയും ശ്രീകോവില്‍ കവാടവും വീതി കൂട്ടുന്ന കാര്യം ദേവസ്വം ബോര്‍ഡ് പരിഗണിക്കണമെന്ന കോടതി നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷ്ഠാ സങ്കല്‍പത്തിനു വിപരീതമായി നവീകരണം നടത്താന്‍ കഴിയില്ല. വാസ്തു തന്ത്രശാസ്ത്ര പ്രകാരമാണ് ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. അതിന് ശാസ്ത്രീയമായ കണക്കുകളുണ്ട്.
അത് തോന്നുന്നതുപോലെ മാറ്റാവുന്നതല്ല. ഇപ്പോഴത്തെ ക്ഷേത്രം പൊളിച്ചു മാറ്റിയ ശേഷം പുതിയത് നിര്‍മിക്കണമെന്നു പറയുന്നതിനു തുല്യമാണിത്- തന്ത്രി പറഞ്ഞു.
ശബരിമലയില്‍ അയ്യപ്പനുള്ള അതേ സ്ഥാനമാണ് പതിനെട്ടാംപടിക്കുമുള്ളത്. ഓരോ പടിക്കും ഓരോ പ്രതിഷ്ഠാ സങ്കല്‍പമുണ്ട്. അതിനനുസരിച്ചാണ് പടിപൂജ നടത്തുന്നത്. കൃഷ്ണശിലയില്‍ നിര്‍മിച്ച പതിനെട്ടാംപടിക്കു തേയ്മാനം ഉണ്ടായപ്പോള്‍ അത് അതേപോലെ നിലനിര്‍ത്തി പഞ്ചലോഹം വാര്‍ത്തുകെട്ടുകയായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹത്തിന്റെ അളവ് അനുസരിച്ചാണ് ശ്രീകോവിലിന്റെ വാതില്‍ പണിയുന്നത്. അതിനു വീതി കൂട്ടണമെന്നു പറയുന്നത് വിഗ്രഹം മാറ്റണമെന്നു പറയുന്നതു പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ശബരിമലയില്‍ നവീകരണം നടത്തണമെന്നുള്ള കോടതി വിധി പുനര്‍വിചിന്തനം ചെയ്യണമെന്ന് യോഗക്ഷേമസഭയും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications