വിമാനത്തില്‍ നിന്നിറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം
തിരുവനന്തപുരം: വിമാനം പുറപ്പെടാത്തതില്‍ പ്രതിഷേധിച്ച് ക്ഷുഭിതരായ യാത്രക്കാര്‍ പ്രതിഷേധിക്കുന്നു. വെള്ളിയാഴ്ച രാത്രി 8.50ന് പുറപ്പെടേണ്ട കൊച്ചി-തിരുവനന്തപുരം, ബഹ്‌റിന്‍-ദോഹ എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് പുറപ്പെടാന്‍ വൈകുന്നത്. ഇതിനെത്തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങാതെ പ്രതിഷേധിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി 7.05ന് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട് 7.45ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തേണ്ടിയിരുന്ന വിമാനം നാല് മണിക്കൂര്‍ വൈകി 12 മണിയോടെയാണ് തിരുവനന്തപുരത്തെത്തിയത്.
പിന്നീട് രണ്ട് മണിയോടെ വിമാനത്തിന് പുറപ്പെടാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. എന്നാല്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ യാത്രക്കാര്‍ തയ്യാറായില്ല.
3.45ന് വിമാനത്തില്‍ നിന്നിറങ്ങാന്‍ അന്ത്യശാസനം നല്‍കിയെങ്കിലും യാത്രക്കാര്‍ കൂട്ടാക്കിയില്ല. ജീവനക്കാരില്ലാത്തതിനാലാണ് വിമാനം പുറപ്പെടാത്തതെന്നാണ് കാരണം പറയുന്നത്. എയര്‍ ഇന്ത്യ ഐ.എസ് 457ാം നമ്പര്‍ വിമാനത്തില്‍ 196 യാത്രക്കാരാണുള്ളത്. വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് പുറപ്പെടുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
12.20 ഓടെ യാത്ര തുടരുമെന്ന് അറിയിച്ചെങ്കിലും ഡ്യൂട്ടി സമയം തീര്‍ന്നതായി ജീവനക്കാര്‍ അറിയിച്ചതോടെ യാത്ര തുടരാനാകാത്ത സ്ഥിതിയിലെത്തുകയായിരുന്നു.
പുലര്‍ച്ചെ മൂന്ന് മണിയോടെ യാത്ര തുടരാമെന്ന് അധികൃതര്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് പതിനെട്ട് മണിക്കൂറിന് ശേഷമേ പോകാന്‍ കഴിയൂ എന്ന നിലപാടിലാണിപ്പോള്‍.
മസ്‌കറ്റില്‍ നിന്ന് തന്നെ വൈകിയെത്തിയ വിമാനത്തില്‍ പകരം ജീവനക്കാരെ ഏര്‍പ്പെടുത്താന്‍ ആവശ്യത്തിന് സമയമുണ്ടായിരുന്നെന്നും എന്നാല്‍ അധികൃതരുടെ അനാസ്ഥയാണ് .യാത്ര മുടങ്ങാന്‍ കാരണമെന്നും യാത്രക്കാര്‍ ഒന്നടങ്കം ആരോപിച്ചു.












Click it and Unblock the Notifications