കശ്മീര്‍: പൊലീസ് വെടിവെപ്പില്‍ 16 മരണം

യുഎസില്‍ ഖുറാന്‍ കത്തിച്ചുവെന്നു ചില ടിവി ചാനലുകള്‍ പ്രചരണം നടത്തിയതിനെത്തുടര്‍ന്നായിരുന്നു തിങ്കളാഴ്ച കലാപം രൂക്ഷമായത്.
അക്രമികള്‍ ഒരു സ്വകാര്യ സ്‌കൂളും റെയില്‍വേ സ്‌റ്റേഷനും തീയിട്ടു. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും കത്തിച്ചു. ശ്രീനഗറില്‍ നിന്നു 45 കിലോമീറ്റര്‍ അകലെ തന്‍മാര്‍ഗിലാണ് അക്രമം ഏറെ രൂക്ഷമായത്. ഇവിടെ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ രക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ അഞ്ചു പേര്‍ മരിച്ചു. ബദ്ഗാമില്‍ നിരത്തിലിറങ്ങിയ അക്രമികള്‍ പൊലീസിനെ കല്ലെറിഞ്ഞു. ഒരു പൊലീസുകാരന്‍ മരിച്ചു. വെടിവയ്പ്പില്‍ നാലു യുവാക്കളും കൊല്ലപ്പെട്ടു. ബന്ദിപ്പോര, അജാസ്, ചരാരെ ഷെരീഫ്, ബദ്ഗാം എന്നിവിടങ്ങളിലായാണ് എട്ടുപേര്‍ മരിച്ചത്.
സ്ഥിതി വിലയിരുത്താന്‍ തിങ്കളാഴ്ച വൈകിട്ടു ചേര്‍ന്ന ജമ്മു കശ്മീര്‍ മന്ത്രിസഭായോഗം കുപ്രചരണങ്ങള്‍ക്കെതിരേ കരുതിയിരിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു. കശ്മീര്‍ ജനതയുടെ ആശങ്കകള്‍ പരിഹരിക്കാമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉറപ്പു നല്‍കി. പത്താന്‍, ഗന്ദര്‍ബാല്‍, കുപ്വാര മേഖലകളിലേക്കു നിരോധനാഞ്ജ വ്യാപിപ്പിച്ചുവെങ്കിലും അക്രമം തുടരുകയാണ്.
വാഷിങ്ടണില്‍ വൈറ്റ് ഹൗസിന് മുന്നില്‍ ശനിയാഴ്ച ചിലര്‍ ഖുര്‍ആന്‍ കത്തിച്ചതായി ഇറാനിലെ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തതാണ് കശ്മീരില്‍ യുഎസ് വിരുദ്ധ വികാരപ്രകടനങ്ങള്‍ക്ക് വഴിവെച്ചത്. ഞായറാഴ്ച രാത്രിയാണ് വിവാദ ദൃശ്യം ചാനലില്‍ കാണിച്ചത്. പ്രസ് ടിവിക്ക് ജമ്മുകശ്മീരില്‍ നിരോധനമേര്‍പ്പെടുത്തിയതായി ചീഫ് സെക്രട്ടറി എസ്.എസ്. കപൂര്‍ തിങ്കളാഴ്ച അറിയിച്ചു.
യുഎന്‍ ഓഫിസിലേക്കു മാര്‍ച്ച് നടത്തുമെന്നു നേരത്തേ പ്രഖ്യാപിച്ച ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗിലാനി വൈകുന്നേരത്തോടെ ചുവടുമാറ്റി. ആരും നിയമം ലംഘിക്കരുതെന്നും അക്രമങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുപ്രചരണങ്ങളുടെ പേരില്‍ തുടരുന്ന അക്രമം അവസാനിപ്പിക്കണമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ തിമോത്തി ജെ റോമര്‍ അഭ്യര്‍ഥിച്ചു. യുഎസില്‍ ആരും ഖുറാനെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications