അയോധ്യ: യുപി പൊലീസ് ലാത്തി ശേഖരിക്കുന്നു
ലഖ്‌നൊ: അയോധ്യ കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് പൊലീസ് ആയുധങ്ങളുടെ ശേഖരം വിപുലപ്പെടുത്തുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ലാത്തിയാണ് പൊലീസ് ഏറ്റവും കൂടുതല്‍ ശേഖരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ലാത്തി വാങ്ങുന്നതിനായി പൊലീസിന് 72.5 കോടി രൂപയാണ് പൊലീസ് വകുപ്പിന് അനുവദിച്ചിരിക്കുന്നത്.
യുപി പൊലീസിന്റെ കൈവശം ആധുനിക ആയുധങ്ങള്‍ ധാരാളമുണ്ടെങ്കിലും ലാത്തികളുടെ എണ്ണം വളരെ കുറവായതുകാരണമാണ് ഇത്തരമൊരു നീക്കം.
അയോധ്യയിലെ തര്‍ക്കസ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിധി വന്ന ശേഷം കലാപം പോലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ലാത്തി ശേഖരം വിപുലമാക്കുന്നത്.
സര്‍ക്കാര്‍ അനുവദിച്ച തുകയ്ക്ക് ലാത്തികള്‍ക്ക് പുറമെ പൊലീസ് വകുപ്പ് ഷീല്‍ഡുകളും സംരക്ഷണ കവചങ്ങളും ഹെല്‍മറ്റുകളും വാങ്ങും.
50 കോടി രൂപ സംസ്ഥാന പൊലീസിനും 16 കോടി രൂപ ഹോം ഗാര്‍ഡിനും, 6.5 കോടി രൂപ പ്രാന്തീയ രക്ഷാ ദളിനും വീതിക്കും. വിധി വരുന്ന സെപ്തംബര്‍ 24 വെള്ളിയാഴ്ചയ്ക്ക് മുമ്പ് തുക വിനിയോഗിച്ചിരിക്കണമെന്നാണ് നിര്‍ദ്ദേശം.
രാംപൂരില്‍ നിന്ന് ലഭിക്കുന്ന മരം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സാധാരണ ലാത്തിക്ക് 300 രൂപയാണ് വിലവരിക. ഇത്തരം ലാത്തികള്‍ ആന്തരികമായും പരുക്ക് ഉണ്ടാക്കിയേക്കാമെന്നതിനാല്‍ പോളികാര്‍ബണേറ്റഡ് ലാത്തികളാണ് ഇപ്പോള്‍ പൊലീസ് ഏറെയും ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള ഒരു ലാത്തിക്ക് 500 മുതല്‍ 700 രൂപ വരെ വിലവരും.












Click it and Unblock the Notifications