മന്ത്രിപുത്രന്‍ ജീവനക്കാരനെ വെടിവച്ചു
മുംബൈ: മഹാരാഷ്ട്രയിലെ റവന്യൂ മന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെ സഹപ്രവര്‍ത്തകനെ വെടിവച്ചു. വ്യാഴാഴ്ചയാണ് സ്വന്തം സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ചിന്റു ഷെയ്ഖ് എന്നയാളെ നിതേഷ് വെടിവച്ചത്.
സംഭവത്തെത്തുടര്‍ന്ന ഷെയ്ഖിനെ പവായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖത്താണ് വെടിയേറ്റത് വെടിയുണ്ട എടുത്തുമാറ്റാന്‍ ഷെയ്ഖിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.
സംഭവത്തില്‍ മന്ത്രിപുത്രനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും യാഥാര്‍ത്ഥ്യമെന്തെന്ന് അന്വേഷിക്കാതെയാണ് പൊലീസ് തനിക്കെതിരെ കേസെടുത്തതെന്നുമാണ് നിതേഷ് പറയുന്നത്.
എന്നാല്‍ ഒരു കേസുമായി ബന്ധപ്പെട്ട് നിതേഷ് ആകെ അസ്വസ്ഥനായിരുന്നുവെന്നും, കോടതി നടപടി തനിയ്ക്കനുകൂലമാവില്ലെന്ന് മനസ്സിയാപ്പോഴുണ്ടായ രോഷത്തിലാണ് നിതേഷ് തനിക്കുനേരെ വെടിയുതിര്‍ത്തതെന്നും ഷെയ്ഖ് പറയുന്നു.
നിതേഷിന്റെ ഓഫീസിലേയ്ക്ക് മധുരവുമായി ചെന്നപ്പോഴാണ് തനിക്ക് വെടിയേറ്റതെന്നാണ് ഷെയ്ഖ് പറയുന്നത്. വെടിയേറ്റ തന്നെ നിതേഷ് ഓഫീസിന് പുറത്തുവിട്ടില്ലെന്നും ഒടുവില്‍ ആരും കാണാതെ ഒളിച്ചുവന്നാണ് താന്‍ ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും ഷെയ്ഖ് വെളിപ്പെടുത്തി.
എന്നാല്‍ തന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്നയാളെ താനെന്തിന് വെടിവെയ്ക്കണമെന്നാണ് നിതേഷിന്റെ ചോദ്യം. തന്റെ പേര് വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണെന്നും നിതേഷ് പറയുന്നു. നിതേഷിന്റെ സ്വാഭിമാന്‍ സംഘടന എന്ന എന്‍ജിഒയില്‍ ചേരുന്നതിന് മുമ്പ് ഷെയ്ഖ് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
നിതേഷിനെതിരെ വധശ്രമത്തിനായി കേസെടുത്തിരിക്കുന്നതെന്നും കേസിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications