മഞ്ഞളാംകുഴി അലിയ്‌ക്കെതിരെ ടികെ ഹംസ
മലപ്പുറം: സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മഞ്ഞളാം കുഴി അലി എം എല്‍ എയ്‌ക്കെതിരെ മുതിര്‍ന്ന സിപിഎം നേതാവ് ടി കെ ഹംസയും രംഗത്ത്.
എല്ലാം നേടിയശേഷമാണ് അലി ഇപ്പോള്‍ പാര്‍ട്ടിയെ തള്ളിപ്പറയുന്നതെന്ന് ഹംസ ആരോപിച്ചു. സ്വന്തം വ്യക്തിപ്രഭാവം കൊണ്ടല്ല പാര്‍ട്ടി കൂടെയുള്ളതുകൊണ്ടാണ് ജയിക്കുന്നതെന്ന് അലി മറക്കരുതെന്നും ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹംസ പറഞ്ഞു.
പാര്‍ട്ടിയില്‍ വരുന്നതിനു മുന്‍പ് അദ്ദേഹത്തിന് എത്രമാത്രം സ്വാധീനമുണ്ടായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതല്‍ അദ്ദേഹത്തിന്റെ കൂടെയുള്ളവരുടെ സമീപനത്തില്‍ വന്ന മാറ്റം പ്രകടമായിരുന്നു.
തന്നെ പിന്തുണക്കുന്നവരെന്ന് പറഞ്ഞ് അനുയായികള്‍ യോഗം ചേര്‍ന്നപ്പോള്‍ ഒന്നുകില്‍ അത് പിരിച്ചുവിടണമായിരുന്നു. അല്ലെങ്കില്‍ യോഗത്തെ തള്ളി പറയണമായിരുന്നു. ഇതുരണ്ടും അദ്ദേഹം ചെയ്തില്ല-ഹംസ ചൂണ്ടിക്കാട്ടി.
സി പി എം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ വിജയരാഘവനാണ് അലിക്കെതിരെ പരസ്യ വിമര്‍ശനവുമായി ആദ്യം രംഗത്തുവന്നത്. പിന്നീട് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയും അലിയെ പരസ്യമായി വിമര്‍ശിച്ചിരുന്നു.
അലി യുഡിഎഫ് പാളയത്തിലേക്കു പോകാന്‍ തയ്യാറെടുക്കുകയാണെന്നും ഇതിന് മുമ്പേതന്നെ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ശ്ക്തമാകുന്നതിനിടെയാണ് കൂടുതല്‍ നേതാക്കള്‍ അലിയ്‌ക്കെതിരെ രംഗത്തെത്തുന്നത്.
മുസ്ലീം ലീഗ് അലിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതേവരെ അലി പരസ്യപ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.












Click it and Unblock the Notifications