വിമാനത്താവളത്തില്‍ തടഞ്ഞുവച്ച മലയാളിസ്ത്രീ മരിച്ചു
ദുബയ്: യാത്രയ്ക്കിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അഞ്ചു ദിവസം മസ്‌കറ്റ് വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കപ്പെട്ട മലയാളി സ്ത്രീ മരണമടഞ്ഞു.
തിരുവനന്തപുരം സ്വദേശിനിയായ ബീബി ലുമാഡ (40) യാണു മരിച്ചത്. കഠിനമായ മാനസികസംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണു മരണകാരണമെന്നു കരുതുന്നു.
ഒമാനില്‍ വീട്ടുവേലക്കാരിയായി ജോലി നോക്കിയിരുന്ന ഇവര്‍ മസ്‌കറ്റില്‍നിന്നു ദോഹ വഴി ചെന്നെയ്ക്കുള്ള ഖത്തര്‍ എയര്‍വേസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. തിരുവനന്തപുരത്തെ വീട്ടിലേക്കു വരികയായിരുന്നു ലക്ഷ്യം.
യാത്രക്കിടെ ദോഹ വിമാനത്താവളത്തില്‍വച്ച് പാസ്‌പോര്‍ട്ട് കൈമോശം വന്നു. പാസ്‌പോര്‍ട്ട് ഹാജരാക്കാതിരുന്നതോടെ ഇവരെ മസ്‌കറ്റിലേക്കു തിരിച്ചയച്ചു. ഒമാന്‍ വിസ റദ്ദാക്കിയിരുന്നതിനാല്‍ മസ്‌കറ്റ് വിമാനത്താവളത്തില്‍നിന്നു പുറത്തു പോകാന്‍ അനുവാദം ലഭിച്ചില്ല. ഇങ്ങനെ അഞ്ചുദിവസം വിമാനത്താവളത്തില്‍ കഴിയേണ്ടിവന്നു.
സ്‌പോണ്‍സറെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഇക്കാര്യം കഴിഞ്ഞ തിങ്കളാഴ്ച അവിടത്തെ ഇന്ത്യന്‍ എംബസിയെ അറിയിച്ചു. വിമാനത്താവളത്തിലെത്തി ആവശ്യമായ നടപടിയെടുക്കാമെന്ന് എംബസി അധികൃതര്‍ വാക്കുനല്‍കുകയും ചെയ്തു.
എന്നാല്‍ വിമാനത്താവളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും എംബസിയില്‍നിന്ന് ആരുമെത്തിയില്ലെന്ന് എയര്‍വേസ് അധികൃതര്‍ വെളിപ്പെടുത്തി.
മസ്‌കറ്റ് വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് വിഭാഗത്തില്‍ ഹോട്ടല്‍ സൗകര്യമില്ല. ബീബി ലുമാഡയ്ക്ക് ഭക്ഷണവും വെള്ളവും കിടക്കാനുള്ള സൗകര്യങ്ങളും ഖത്തര്‍ എയര്‍വേസ് അധികൃതരാണു നല്‍കിയത്. അഞ്ചു ദിവസം അവിടെ കുടുങ്ങിയ ബീബിയുടെ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യയിലേക്കു തിരിച്ചുപോകാനായി എക്‌സിറ്റ് പാസ് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ താമസിച്ചതു മരണത്തില്‍ കലാശിച്ചതില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി അനില്‍ വാധ്വ ഖേദം പ്രകടിപ്പിച്ചു. മരണവിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications