Get Updates
Get notified of breaking news, exclusive insights, and must-see stories!

കവി എ അയ്യപ്പന്‍ അന്തരിച്ചു

A Ayyappan
തിരുവനന്തപുരം: പ്രശസ്ത കവി എഅയ്യപ്പന്‍(61) അന്തരിച്ചു. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ തിരുവനന്തപുരത്ത് ശ്രീവിശാഖ് തീയയേറ്ററിനടുത്ത് അവശനിലയില്‍ കണ്ടെത്തിയ അയ്യപ്പനെ പൊലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍വെച്ചാണ് അന്ത്യം ഉണ്ടായത്. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രി അധികൃതര്‍ ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വേറിട്ട കവിത കൊണ്ടും ജീവിതം കൊണ്ടും ശ്രദ്ധേയനായ വ്യക്തിയായിരുന്നു അയ്യപ്പന്‍. അരാജകമെന്നും സാഹസികമെന്നും തോന്നിക്കുന്ന ജീവിതം നയിച്ച അയ്യപ്പന്റെ കവിതകള്‍ മലയാളത്തില്‍ വേറിട്ടുതന്നെ നിന്നു. കവിയെന്ന നിലയില്‍ മാത്രമല്ല; വ്യക്തിയെന്ന നിലയിലും കേരളത്തിലങ്ങോളമിങ്ങോളം വന്‍സുഹൃദ് വലയം അദ്ദേഹത്തിനുണ്ടായിരുന്നു. കേരളം നെഞ്ചേറ്റിയ ഒട്ടേറെ കവിതകള്‍ അയ്യപ്പന്റേതായുണ്ട്. അവയില്‍ പലതും താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും അരക്ഷിതാവസ്ഥയും പ്രമേയമാക്കിയതായിരുന്നു. യുവാക്കളും വിദ്യാര്‍ഥികളുമായിരുന്നു അയ്യപ്പന്റെ കവിതകളുടെ ആരാധകരിലേറെയും.

1949 ഒക്ടോബര്‍ 27ന് അറുമുഖത്തിന്റെയും മുത്തമ്മാളിന്റെയും മകനായി തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ജനിച്ചു.ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അയ്യപ്പന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. സഹോദരിയുടെ സംരക്ഷണയിലായിരുന്നു വളര്‍ന്നത്. ആത്മകഥാംശമാണ് അയ്യപ്പന്റെ കവിതകളില്‍ നിറഞ്ഞു നിന്നത്.

ഒന്‍പതാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് 'ഓണക്കാഴ്ച' എന്ന പേരില്‍ ആദ്യകഥാസമാഹാരം പുറത്തിറക്കിയത്. പിന്നീടാണ് കവിതാരചനയിലേക്ക് തിരിഞ്ഞത്. ബലിക്കുറിപ്പുകള്‍(1982), ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍(1985), പ്രവാസിയുടെ ഗീതം(1989), ബുദ്ധനും ആട്ടിന്‍കുട്ടിയും(1990), മാളമില്ലാത്ത പാമ്പ്(1992), കറുപ്പ്(1995), വെയില്‍ തിന്നുന്ന പക്ഷി (1997), ജയില്‍ മുറ്റത്തെ പൂക്കള്‍(1998), കണ്ണ് (1999), ഗ്രീഷ്മവും കണ്ണീരും( 2000), മുക്ത ഛന്ദസ്സ് (2000) എന്നിവയാണ് മുഖ്യ കൃതികള്‍. 1992ല്‍ പ്രവാസിയുടെ ഗീതത്തിന് കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ് ലഭിച്ചു. വെയില്‍ തിന്നുന്ന പക്ഷി എന്ന സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.

എന്നും ഒറ്റയായിരുന്ന അയ്യപ്പന്‍ തെരുവുകളിലും കടത്തിണ്ണകളിലുമാണ് ജീവിതത്തില്‍ ഏറെയും ചിലവഴിച്ചത്. ഒടുവില്‍ ആ തെരുവ് തന്നെ അയ്യപ്പന്റെ അന്ത്യയാത്രയ്ക്കും ഇടമൊരുക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+