ജയില്‍ ബിപിഒ: മേധാവിയായി സത്യം രാജു?
ഹൈദരാബാദ്: രാജ്യത്തെ ജയിലുകളില്‍ ബിപിഒ യൂണിറ്റ് ആരംഭിയ്ക്കുന്നു. ഹൈദരാബാദ് ജയിലിലാണ് ഈ പുതുപുത്തന്‍ സംരംഭത്തിന് തുടക്കമാവുന്നത്. ജയില്‍ ബിപിഎ യൂണിറ്റിന്റെ സിഇഒ ആരെന്നല്ലേ? ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പു കേസുകളിലൊന്നില്‍ കുടുങ്ങി അഴിയ്ക്കുള്ളിലായ സത്യം മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജുവാണ് ജയില്‍ ബിപിഒയുടെ തലവനാവുന്നത്.
രാജുവിന്റെ ജാമ്യം സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയതോടെയാണ് പുതിയ സംരംഭത്തിന്റെ മേധാവിയാകാനുള്ള നിയോഗം രാജുവിനെ തേടിയെത്തിയത്. നവംബര്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിയ്ക്കുന്ന യൂണിറ്റിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് രാമലിംഗരാജുവായിരിക്കും. ബിസിനസ്സ് രംഗത്ത് രാജുവിന്റെ ദീര്‍ഘകാലത്തെ അനുഭവസമ്പത്ത് ജയില്‍ ബിപിഒ സംരംഭത്തിന് മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് ആന്ധ്ര ജയില്‍ അധികൃതര്‍. യൂണിറ്റിലെ മാനവശേഷി എങ്ങനെ ഉപയോഗിക്കണമെന്നതു സംബന്ധിച്ച് രാജുവിന്റെ ആശയങ്ങള്‍ നടപ്പാക്കുമെന്നു ജയില്‍ ഡയറക്റ്റര്‍ ജനറല്‍ സിഎന്‍ ഗോപിനാഥ റെഡ്ഡി പറഞ്ഞു.
ജയില്‍ ബിപിഒയ്ക്ക് ഇതിനകം ചില ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ചിലത് ബാങ്കിങ് രംഗവുമായി ബന്ധപ്പെട്ട പ്രൊജക്ടുകളാണെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. കാനഡയിലെ പ്രമുഖ ബാങ്കിങ് സ്ഥാപനങ്ങളുമായി ഇതിനോടകം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ബാങ്കിന്റെ ചെക്കുകളും മറ്റു സാമ്പത്തിക രേഖകളും കൈകാര്യം ചെയ്യുന്ന ജോലിയാണ് തടവുകാരെ ഏല്‍പ്പിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞു പ്രവര്‍ത്തനം തുടങ്ങുന്നതോടെ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണു ജയില്‍ അധികൃതരും തടവുകാരും.
ഇത്തരമൊരു ബിപിഒ സംരംഭം കള്ളന്റെ കൈയ്യില്‍ താക്കോല്‍ കൊടുക്കുന്നത് പോലെയാവുമോയെന്ന് സംശയിക്കുന്നവരും കുറവല്ല. എന്നാല്‍ തടവുകാര്‍ കൈകാര്യം ചെയ്യുന്ന രേഖകള്‍ രഹസ്യസ്വഭാവമുള്ളതല്ലെന്നും അതുപയോഗിച്ച് തട്ടിപ്പുകള്‍ നടത്താന്‍ കഴിയില്ലെന്നും അധികൃതര്‍ പറയുന്നു. ഇതിന് പുറമ ജയില്‍ ഉദ്യോഗസ്ഥരുടെ കര്‍ശന നിരീഷണത്തിലായിരിക്കും ജയില്‍ ബിപിഒയുടെ പ്രവര്‍ത്തിയ്ക്കുക.












Click it and Unblock the Notifications