തൃശൂര്‍ മുതല്‍ തൃശൂര്‍ വരെ കരുണാകരന്

തൃശൂരിലെത്തുമ്പോഴെല്ലാം സ്വന്തം വീട്ടിലെത്തുന്ന വികാരമായിരുന്നു കരുണാകരന്റെ മുഖത്ത് തെളിഞ്ഞത്. ഇഷ്ടദൈവമായ ഗുരുവായൂരപ്പനെ കാണാനും മറ്റു കാര്യങ്ങള്‍ക്കുമൊക്കെയായി മാസത്തിലൊരിക്കലെങ്കിലും അദ്ദേഹം തൃശൂരിലെത്തും. അസുഖബാധിതനായി ആശുപത്രിയിലായതിനെത്തുടര്‍ന്ന് 2008ല്‍ മാത്രമാണ് ഗുരുവായൂരില്‍ കരുണാകരനില്ലാതെ ചിങ്ങമാസത്തില്‍ നട തുറന്നത്. പിന്നീട് കരുണാകരന്റെ പതിവ് ഗുരുവായൂര്‍ ദര്‍ശനം ഉണ്ടാകില്ലെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ മലയാള മാസ പുലരികളില്‍ കണ്ണനെ കാണാതിരിയ്ക്കാന്‍ ലീഡര്‍ക്ക് ആവുമായിരുന്നില്ല.
തിരുവമ്പാടി പത്തായപ്പുരയില്‍ വിആര്‍ കൃഷ്ണനെഴുത്തച്ഛന്റെ കൈയില്‍ നിന്ന് കാലണയുടെ മെംബര്‍ഷിപ്പ് സ്വീകരിച്ചുകൊണ്ട് ഈ നഗരത്തില്‍ നിന്നാണ് പൊതുപ്രവര്‍ത്തന രംഗത്തേക്കു പ്രവേശിച്ചത്. കരുണാകരന് അന്നു വയസ് പത്തൊമ്പത്.
1945ല്‍ ചെമ്പൂക്കാവില്‍ നിന്നു നഗരസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കരുണാകരനെന്ന രാഷ്ട്രീയനേതാവിന്റെ ആദ്യതിരഞ്ഞെടുപ്പ് വിജയം.ദേശീയ രാഷ്ട്രീയത്തിലെ ചാണക്യനായി വളര്‍ന്ന ലീഡര്‍ ആദ്യ അടവുകള്‍ പഠിച്ചതും ജില്ലയില്‍ നിന്ന് തന്നെ. തൃശൂരിന്റെ പ്രാന്തപ്രദേശമായ മാളയായിരുന്നു കരുണാകരന്റെ രാഷ്ട്രീയ തറവാട്. മണ്ഡലത്തില്‍ കരുണാകരന് സ്വന്തം വീടില്ലായിരുന്നുവെങ്കിലും എല്ലാ വീടും കരുണാകരന്‍ തന്റേതാക്കി മാറ്റി. പിന്‍കാലത്ത് മാളയുടെ മാണിക്യമാറിയ കരുണാകരന്‍ എട്ട് തവണ ഇവിടെ നിന്നും നിയമസഭയിലെത്തി. കരുണാകരന്റെ വിയോഗത്തിനൊപ്പം മറയുന്നത് മാളയെന്ന മണ്ഡലവുമെന്നത് മറ്റൊരു യാദൃശ്ചികതയായി കണക്കാക്കാം.
സ്വന്തം തട്ടകംതന്നെ രണ്ട് തവണ ലീഡറെ ശിക്ഷിച്ചതും ചരിത്രം. തിരഞ്ഞെടുപ്പ് ഗോദയില്‍ കരുണാകരന്‍ തോല്‍വിയറിഞ്ഞത് രണ്ട് തവണയും തൃശൂരില്‍ നിന്നായിരുന്നു. 1957ലും 1996ലും. 57ല്‍ തൃശൂര്‍ നിയമസഭാസീറ്റില്‍ എആര്‍. മേനോനോട് പരാജയപ്പെട്ടു. 96ല്‍ തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ തോറ്റതായിരുന്നു കരുണാകരന്റെ അവസാന തിരഞ്ഞെടുപ്പ് പരാജയം. 1480 വോട്ടിന് എതിരാളിയായിരുന്ന സിപിഐയിലെ വിവി. രാഘവനോട് അടിയറവ് പറഞ്ഞപ്പോള്‍ ഞെട്ടിയത് തൃശൂര്‍ മാത്രല്ല, കേരളമാകെയായിരുന്നു. പിന്നില്‍ നിന്ന് കുത്തിയവരാണ് തന്നെ തോല്‍പ്പിച്ചതെന്ന് കരുണാകരന്റെ പ്രസ്താവന രാഷ്ട്രീയത്തിലെ മറ്റൊരു പ്രയോഗമായി മാറി.
ഇടക്കാലത്ത് കോണ്‍ഗ്രസ് വിട്ടപ്പോഴും തൃശൂരുകാര്‍ കൂടെനില്‍ക്കുമെന്നായിരുന്നു കരുണാകരന്റെ പ്രതീക്ഷ. എന്നാലിതും പിഴച്ചു. ഉറ്റവരെപ്പോലെ കൂടെനിന്നവര്‍ നേരം പുലര്‍ന്നപ്പോള്‍ മറുകണ്ടം ചാടി. എന്നിട്ടുംതൃശൂരിനോടുള്ള ലീഡറുടെ സ്‌നേഹത്തില്‍ തരിമ്പും കുറവ് വന്നില്ല.
ഗുരുവായൂര്‍ റെയില്‍വെ ലൈന്‍, പൂങ്കുന്നം ഓവര്‍ബ്രിഡ്ജ്, തൃശൂര്‍ അക്വാട്ടിക് കോംപ്ലക്‌സ് എന്നിങ്ങനെ തൃശൂരിന് അദ്ദേഹം നല്‍കിയ സമ്മാനങ്ങള്‍ ഒട്ടേറെയുണ്ട്.
അന്ത്യനിദ്രയ്ക്കായി തൃശൂരിലെ പൂങ്കുന്നത്തുള്ള മുരളീ മന്ദിരത്തില്‍ കരുണാകരനനെത്തുമ്പോള്‍ പൂര്‍ത്തിയാവുന്നത് ഒരു രാഷ്ട്രീയ ചക്രമാണ്.












Click it and Unblock the Notifications