പാക് ജഡ്ജിയുടെ മാതാപിതാക്കളെ കൊന്നു
ലഹോര്‍: പാക്ക് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജാവേദ് ഇഖ്ബാലിന്റെ മാതാപിതാക്കള്‍ ലഹോറിലെ വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു.
വിവാദമുയര്‍ത്തിയ പല കേസുകളിലും വാദംകേട്ടുകൊണ്ടിരിക്കുന്ന ജഡ്ജിയാണ് ഇഖ്ബാല്‍. കൊലപാതകത്തിന് ഈ കേസുകളുമായി ബന്ധമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
മുന്‍ പൊലീസ് ഓഫിസറായ മാലിക് അബ്ദുല്‍ ഹമീദ് (82), ഭാര്യ സറീന (70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയില്‍ തലയണകൊണ്ടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലാണു മൃതദേഹങ്ങള്‍ കണ്ടത്.
കവര്‍ച്ചാശ്രമമെന്നു വരുത്താന്‍ മുറിയാകെ അലങ്കോലപ്പെടുത്തിയിരുന്നു. ഹജ് തീര്‍ഥാടന കരാര്‍ അഴിമതി കേസും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നൂറുകണക്കിനാളുകളെ വിചാരണകൂടാതെ വര്‍ഷങ്ങളോളം തടങ്കലില്‍ വച്ചതിനെതിരെയുള്ള കേസും വാദം കേള്‍ക്കുന്നത് ഇഖ്ബാല്‍ ഉള്‍പ്പെട്ട ബെഞ്ചാണ്.












Click it and Unblock the Notifications