പെണ്‍വാണിഭക്കാരെല്ലാം ഒരുകുടക്കീഴില്‍: വിഎസ്

ഇതിന്റെ ഭാഗമായി കല്ലുവാതുക്കല്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ ആരോപണത്തെ കുറിച്ച് സഭ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി.
കോണ്‍ഗ്രസില്‍ നിന്ന് ആര്യാടന്‍ മുഹമ്മദ് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. ശശി ഉന്നയിച്ച വിഷയങ്ങള്‍ ഗുരുതരമായ സംഗതികളാണ്. ജുഡീഷ്യല്‍ കമ്മീഷനെ സ്വാധിനിക്കാന്‍ ശ്രമിച്ചതിലൂടെ കുറ്റകരമായ ഗൂഢാലോചനയാണ് മുഖ്യമന്ത്രി നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിനിരിക്കാന്‍ പോലും അദ്ദേഹത്തിന്അവകാശമില്ല. അച്യുതാനന്ദന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്നും ആര്യാടന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ ആരും സ്വാധീനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പരാതി ഉണ്ടായിരുന്നെങ്കില്‍ കമ്മീഷന് അന്നുതന്നെ നടപടി സ്വീകരിയ്ക്കാമായിരുന്നു. അല്ലെങ്കില്‍ സര്‍ക്കാരിനെ അറിയിക്കാമായിരുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ആരോപണം ശുദ്ധ അശംബന്ധമാണെന്ന് അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും വ്യക്തമാക്കി. മോഹന്‍കുമാറിനെതിരെ താന്‍ കോടതിയില്‍ പോയിട്ടുണ്ടെന്നുള്ളത് ചരിത്രസത്യമാണ്. കല്ലുവാതുക്കല്‍ കേസില്‍ താന്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ മോഹന്‍കുമാര്‍ തന്നെ അത് വെളിപ്പെടുത്തിയേനെ. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പച്ചവരെല്ലാം ഒരു കുടക്കീഴില്‍ അണിനിരന്നിരിക്കുകയാണെന്നും, ഇത്തരക്കാരെ വിലങ്ങു വച്ച് തെരുവിലൂടെ നടത്തുമെന്നും വിഎസ് പറഞ്ഞു. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടുന്ന പ്രതിപക്ഷത്തെയും ശശിയെയും പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു വിഎസിന്റെ മറുപടി.
ആഭ്യന്തരമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയും ചെയ്തു.












Click it and Unblock the Notifications