സൗമ്യയെ തൊഴിച്ചു തള്ളിയിട്ടു: ഗോവിന്ദച്ചാമി
തൃശൂര്‍: പാസഞ്ചര്‍ തീവണ്ടി യാത്രക്കാരി സൗമ്യയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമി പൊലീസീനോട് കൂടുതല്‍ക്കാര്യങ്ങള്‍ വെളിപ്പെടുത്തി.
ബാഗ് തട്ടിയെടുക്കുന്നതു ചെറുത്ത സൌമ്യയെ തൊഴിച്ചു പുറത്തേക്കു തെറിപ്പിക്കുകയായിരുന്നുവെന്നു ഇയാള്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി.
സംഭവദിവസം ഷൊര്‍ണൂര്‍ പാസഞ്ചറില്‍ സുഹൃത്തിനൊപ്പമാണു ഗോവിന്ദച്ചാമി യാത്രചെയ്തത്. അമ്മ ലക്ഷ്മിയെ അന്വേഷിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ കംപാര്‍ട്‌മെന്റുകളില്‍ നിരീക്ഷണം നടത്തുന്നത്. മുള്ളൂര്‍ക്കര വച്ചാണത്രെ സൗമ്യയെ ഇവര്‍ ശ്രദ്ധിച്ചത്.
ഇതേതുടര്‍ന്നു വള്ളത്തോള്‍ നഗര്‍ എത്തിയപ്പോള്‍ ഗോവിന്ദച്ചാമിയും കംപാര്‍ട്‌മെന്റില്‍ കയറി. ബാഗ് കവരാനുള്ള ശ്രമം സൗമ്യ ചെറുത്തു.
കംപാര്‍ട്‌മെന്റില്‍ അങ്ങുമിങ്ങും ഓടിയ സൗമ്യ ബാഗിലെ പിടിവിട്ടില്ല. ഇതേതുടര്‍ന്നു വാതിലിന്റെ സമീപത്ത് എത്തിയപ്പോള്‍ പുറത്തേക്ക് ആഞ്ഞു തൊഴിച്ചുവെന്ന് ഇയാള്‍ മൊഴി നല്‍കി.അല്‍പം കൂടി മുന്നോട്ടുപോയ തീവണ്ടിയില്‍ നിന്നും ഗോവിന്ദച്ചാമിയും ചാടിയിറങ്ങി. ട്രാക്കില്‍ തലയിടിച്ചു രക്തം വാര്‍ന്ന നിലയിലായിരുന്നു സൗമ്യ. ബോധം പൂര്‍ണമായി നശിച്ചിരുന്നില്ല.
വേദനകൊണ്ടു പുളയുന്ന സൗമ്യയെ തോളിലേറ്റി പാളങ്ങളുടെ സമീപത്ത് എത്തിച്ചാണു പീഡിപ്പിച്ചത്.പീഡനം തുടരുന്നതിനിടെ സമീപവാസി വരുന്നതു കണ്ടാണു താന്‍ രക്ഷപ്പെട്ടതെന്നും ഇയാള്‍ പറയുന്നു.
ഇതിനിടെ സൌമ്യയെ അന്വേഷിച്ചു വന്ന നാട്ടുകാര്‍ ഇയാളെ ചോദ്യംചെയ്തു. ദൈന്യത അഭിനയിച്ചു രക്ഷപ്പെട്ട താന്‍ ആദ്യം ബസില്‍ തൃശൂര്‍ക്കും പിന്നീടു പാലക്കാടിനും പോയി.
റയില്‍വേയില്‍ അക്രമവും പിടിച്ചുപറിയും നടത്തുന്ന സാമൂഹികവിരുദ്ധ മാഫിയയിലെ കണ്ണിയാണു ഗോവിന്ദച്ചാമി എന്നാണു ഇതുവരെ ചോദ്യം ചെയ്തതില്‍ നിന്നും വെളിവാകുന്നത്. സേലം ജയിലില്‍വച്ചു പരിചയപ്പെട്ട തൃശൂര്‍ സ്ഥിരവാസിയായ തമിഴ്‌നാട് സ്വദേശിയാണ് ഇയാളെ മൂന്നു മാസം മുമ്പ് ഇങ്ങോട്ടു വരുത്തിയത്.
പാലക്കാട് മുതല്‍ എറണാകുളം വരെയുള്ള റൂട്ടില്‍ ഇരുപതോളം മോഷണക്കേസുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ട്രെയിനുകളില്‍ യാത്ര ചെയ്തു തരംകിട്ടിയാല്‍ മോഷ്ടിക്കുകയാണു പതിവെന്നു ഗോവിന്ദച്ചാമി സമ്മതിച്ചു.












Click it and Unblock the Notifications