കോച്ച് മാറിക്കയറി; ടിടിഇ യുവതികളെ തള്ളിയിട്ടു
നാഗര്‍കോവില്‍: ഓടുന്ന തീവണ്ടിയില്‍ നിന്ന് ടിക്കറ്റ് എക്‌സാമിനര്‍ രണ്ട് സ്ത്രീകളെ തള്ളി പുറത്തിട്ടു. കംപാര്‍ട്‌മെന്റ് മാറിക്കയറിയതിനാണ് കുംഭകോണം സ്വദേശിനികളായ കവിത(31), തമിഴ്‌സെല്‍വി(23) എന്നിവരെ ടിടിഇ പുറത്തേക്ക് തള്ളിയിട്ടത്.
സാരമായി പരുക്കേറ്റ ഇവര്‍ രണ്ടുപേരും ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് ടിടിഇയെ സസ്‌പെന്‍ഡ് ചെയ്തു.
കൊല്ലത്ത് നിന്നും മധുരയ്ക്ക് പോവുകയായിരുന്ന 1728ാം പാസഞ്ചര്‍ തീവണ്ടിയില്‍ ബുധനാഴ്ച രാത്രി പത്തുമണിയോടെ കുഴിത്തുറ സ്‌റ്റേഷനില്‍ നിന്നും ജനറല്‍ കംപാര്‍ട്ട്‌മെന്റാണെന്നു കരുതി ഇവര്‍ സ്‌ളീപ്പര്‍ കോച്ചില്‍ കയറുകയായിരുന്നു.
ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറാനുള്ള ടിക്കറ്റായിരുന്നു ഇവരുടെ കൈയില്‍ ഉണ്ടായിരുന്നത്. പള്ളിയാടി ഭാഗത്തുവച്ച് ടിടിഇ തങ്കവേല്‍ രാജന്‍ വാതില്‍ തുറന്ന് പുറത്തേക്ക് തള്ളുകയായിരുന്നു.
മണ്ണിടിച്ചില്‍മൂലം പള്ളിയാടി ഭാഗം വഴി ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടുന്നത്. ഇവിടെവച്ചാണ് ഇവരെ തള്ളിയിട്ടത്. ഇതിനാല്‍ വലിയ അപകടം ഒഴിവായി.
സംഭവമറിഞ്ഞ് പള്ളിയാടി റെയില്‍വേ ജീവനക്കാരി മല്ലികയുടെ നേതൃത്വത്തിലെത്തിയവര്‍ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിനും സാരമായി പരിക്കേറ്റ യുവതികള്‍ പള്ളിയാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യലഹരിയിലായിരുന്നു ടിടിഇ എന്ന് ആരോപണമുണ്ട്.












Click it and Unblock the Notifications