ഇന്ത്യയ്ക്ക് മരണക്കളി മലയാളിയ്ക്ക് മരണക്കുടി!!
തിരുവനന്തപുരം: എന്തു സംഭവമായാലും കുടിച്ചാഘോഷിക്കുക എന്നതാണ് മലയാളികളുടെ ഒരു രീതി. ഓണമായാലും മരണമായാലും മലയാളികള്‍ കുടിച്ചുന്മത്തന്മാരാകും. ഇന്ത്യലെ ഇന്ത്യയാകെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും മലയാളികള്‍ കുടിച്ച് സ്ട്രസ്സകറ്റി.
മൊഹാലിയില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ അതിനേക്കാളേറെ മത്സരബുദ്ധിയോടെയാണ് ഇങ്ങ് കൊച്ചുകേരളത്തില്‍ മലയാളികള്‍ കുടിച്ചുതീര്‍ത്തത്. ഇരുപത്തിയൊന്ന് കോടിരൂപയുടെ മദ്യമാണ് സെമിഫൈനലില്‍ മലയാളികള്‍ അകത്താക്കിയത്.
ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകളിലൂടെ മാത്രം വിറ്റ മദ്യത്തിന്റെ കണക്കാണിത്. ഇതിന് പുറമെയും മദ്യം ഒഴുകിയിരിക്കുമെന്നകാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. കള്ളുഷാപ്പുകള്‍, സ്വകാര്യ ബാറുകള്‍ എന്നിവിടങ്ങളിലായി ചെലവായ ലഹരിയുടെ കൃത്യമായ കണക്കു ലഭ്യമല്ല.
സാധാരണ ദിവസങ്ങള്‍ ബിവറേജ് ഷോപ്പുകള്‍ വഴി കേരളത്തില്‍ വിറ്റഴിക്കുന്നത് ശരാശരി 18 കോടിയുടെ മദ്യമാണ്. അതാണ് സെമിഫൈനല്‍ മത്സരവേളയില്‍ മൂന്ന് കോടി ഉയര്‍ന്ന് 21 കോടിയായത്.
എന്നാല്‍ ഇത്തവണത്തെ കുടിമത്സരഫലത്തില്‍ ഒരു വ്യത്യാസമുണ്ടായി, സാധാരണ ചാലക്കുടിയാണ് കുടിയുടെ ആശാന്‍ സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍ സെമി ഫൈനല്‍ വേളയില്‍ ചാലക്കുടി കരുനാഗപ്പള്ളിയോട് സുല്ലിട്ടു. സെമി ഫൈനല്‍ കുടിയില്‍ ചാലക്കുടി രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
സെമിഫൈനല്‍ മത്സരത്തിന്റെ സമ്മര്‍ദ്ദം അകറ്റാനാണ് മലയാളി 21കോടിയുടെ മദ്യം മലയാളി കുടിച്ചത്. അപ്പോള്‍ ശ്രീലങ്കയുമായുള്ള ഫൈനല്‍ മത്സരത്തിനിടെ മലയാളി അത്രകോടി പൊടിക്കുമെന്നുമാത്രമേ ഇനി അറിയാനുള്ളു.












Click it and Unblock the Notifications