കേറ്റ് മിഡില്‍ടണ്‍ വില്യത്തെ അനുസരിക്കില്ല?

  • Posted By:
Subscribe to Oneindia Malayalam
Prince William and Kate Middleton
ലണ്ടന്‍: ഏവരും കാത്തിരിക്കുന്ന രാജകീയ വിവാഹത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരനും കാമുകി കേറ്റ് മിഡില്‍ടണും തമ്മിലുള്ള വിവാഹം കാണാന്‍ 200 കോടി ജനങ്ങളാണ് ലോകമൊട്ടാകെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം 2.40നാണ് വിവാഹ ഘോഷയാത്രയുടെ തുടക്കം. 4.30ന് തുടങ്ങുന്ന വിവാഹ കര്‍മങ്ങള്‍ 5.40ന് സമാപിക്കും.

വെള്ളിയാഴ്ച നടക്കുന്ന വിവാഹച്ചടങ്ങില്‍ വധു കേറ്റ് മിഡില്‍ടണ്‍ ചൊല്ലുന്നതു 'ഭര്‍ത്താവിനെ അനുസരിക്കും' എന്ന ഭാഗം ഒഴിവാക്കിയ പ്രതിജ്ഞയാണെന്നത് ഈ രാജകീയ വിവാഹത്തിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായി കരുതപ്പെടുന്നു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രാര്‍ഥനാപുസ്തകത്തിലെ പരിഷ്‌കരിച്ച പതിപ്പുപ്രകാരം വധു രണ്ടു പ്രതിജ്ഞകളില്‍ ഏതെങ്കിലും ഒന്നു കൈക്കൊള്ളണം.

''നീ ഇവനെ അനുസരിക്കുകയും പരിചരിക്കുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും സുഖത്തിലും അസുഖത്തിലും ഒപ്പമുണ്ടാകുകയും ജീവിച്ചിരിക്കുവോളം അവന്റേതുമാത്രമായിരിക്കുകയും ചെയ്യുമോ?'' എന്നതാണു പ്രതിജ്ഞകളില്‍ ഒന്നാമത്തേത്. 'അനുസരിക്കുമോ' എന്ന ഭാഗം മാത്രം ഒഴിവാക്കിയതാണ് അടുത്തത്. വില്യമിന്റെ വധുവായ കേറ്റ് ഇതില്‍ രണ്ടാമത്തെ പ്രതിജ്ഞയാണു തെരഞ്ഞെടുത്തത്.

122ാം സങ്കീര്‍ത്തനം ആധാരമാക്കി സര്‍ ചാള്‍സ് ഹ്യൂബര്‍ട്ട് ഹേസ്റ്റിംഗ്‌സ് തയാറാക്കിയ 'ഐ വാസ് ഗ്ലാഡ്' ഗീതത്തിന്റെ പശ്ചാത്തലത്തിലാകും വധു വിവാഹവേദിയിലെത്തുക. വില്യമിന്റെ മുതുമുത്തശ്ശനായ എഡ്‌വേഡ് ഏഴാമന്റെ വിവാഹത്തിനുവേണ്ടി 1902ല്‍ ഒരുക്കിയ ഗാനമാണ് ഇത്. ഇതടക്കം വിവാഹച്ചടങ്ങില്‍ ആലപിക്കപ്പെടുന്ന ഗാനങ്ങളും ഈണങ്ങളും ഏതൊക്കെയെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ വിവാഹത്തിന് വരനും വധുവും പരമ്പരാഗത വസ്ത്രമിടുമോ അതല്ല അവരുടെ വിവാഹവസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തെ അടുത്ത തരംഗമായി മാറുമോയെന്നും മറ്റുമുള്ള ആകാംഷകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.

വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ഡോ. റൊവാന്‍ വില്യംസായിരിക്കും വിവാഹച്ചടങ്ങു നടത്തിക്കൊടുക്കുക. വെസ്റ്റ്മിന്‍സ്റ്റര്‍ ഡീന്‍ ഡോ. ജോണ്‍ ഹാള്‍ പ്രാര്‍ഥനാ ക്രമങ്ങള്‍ നയിക്കും. ലണ്ടന്‍ ആര്‍ച്ച് ബിഷപ് റിച്ചാര്‍ഡ് ചാര്‍ട്ടേഴ്‌സ് പ്രഭാഷണം നടത്തും.

വില്യമിന്റെ പിതാവും വെയ്ല്‍സ് രാജകുമാരനുമായ ചാള്‍സ്, പത്‌നിയും കോണ്‍വാള്‍ പ്രഭ്വിയുമായ കാമില, കേറ്റിന്റെ മാതാപിതാക്കളായ കരോളും മൈക്കല്‍ മിഡില്‍ടണും വധുവിന്റെ സഹോദരന്‍ ജയിംസ്, സഹോദരി പിപ്പ എന്നിവര്‍ വിവാഹ രജിസ്റ്ററില്‍ സാക്ഷികളായി ഒപ്പുവയ്ക്കും. ജയിംസായിരിക്കും ചടങ്ങില്‍ ബൈബിള്‍ വായിക്കുക.

കോമണ്‍വെല്‍ത്ത് രാജ്യത്തലവന്‍മാര്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, പത്‌നി സാമന്ത തുടങ്ങിയവര്‍ വിശിഷ്ടാതിഥികളുടെ നിരയിലുണ്ടാകും. നീന്തല്‍ താരം ജിം തോര്‍പ്പ്, സംഗീതജ്ഞന്‍ എല്‍ട്ടണ്‍ ജോണ്‍, ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം, പത്‌നി വിക്‌ടോറിയ, ചലച്ചിത്രകാരന്‍ ഗൈ റിച്ചി തുടങ്ങിയവരും അതിഥികളുടെ നിരയിലുണ്ട്.

ഇന്നു നടക്കുന്ന വിവാഹച്ചടങ്ങിനോടനുബന്ധിച്ചു ബ്രിട്ടനിലെമ്പാടും ആയിരക്കണക്കിനു തെരുവുവിരുന്നുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ രാജകീയ വിവാഹം ആഘോഷിക്കാനൊരുങ്ങി നില്‍ക്കുകയാണ് ബ്രിട്ടന്‍.

English summary
The Daily Mail reports that Royal bride Kate Middleton will not vow to “obey” her future husband Prince William during the ceremony at Westminster Abbey, but instead “love, comfort, honor and keep,” him.
Please Wait while comments are loading...