മുസ്ലീം കുട്ടിയെ ദത്തെടുത്ത കുടുംബത്തിന് ഭീഷണി
ഹൈദരാബാദ്: മുസ്‌ളിം കുട്ടിയെ ദത്തെടുത്ത് വളര്‍ത്തുന്ന ഹിന്ദു ദമ്പതികള്‍ക്ക് മതമൗലികവാദികളില്‍ നിന്നും പീഡനവും ഭീഷണിയും.
പാപ്പാലാല്‍ എന്ന പെയിന്റിംഗ് തൊഴിലാളിയും ഭാര്യയുമാണ് ഹിന്ദു-മുസ്‌ളിം മതമൌലിക വാദികളുടെ ഭീഷണി കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത്. 2007 ആഗസ്റ്റില്‍ സ്‌ഫോടനം നടന്ന ഗോകുല്‍ ചാറ്റ് സെന്ററിനടുത്തു നിന്നാണ് പാപ്പാലാലിന് സോണിയ എന്ന മുസ്‌ളിം പെണ്‍കുട്ടിയെ കിട്ടിയത്.
കുട്ടിയെ പാപ്പാലാല്‍ വീട്ടില്‍ കൊണ്ടുവന്നെങ്കിലും ആരും അന്വേഷിച്ചെത്തിയില്ല. തുടര്‍ന്ന് ദത്തെടുക്കുകയായിരുന്നു. സോണിയയെ ദത്തെടുത്തതിന് ശേഷം ദമ്പതികള്‍ക്ക് മറ്റൊരു കുഞ്ഞുണ്ടായി. പക്ഷേ മൂത്തമകളുടെ സ്ഥാനം നല്‍കിയാണ് തങ്ങള്‍ സോണിയയെ വളര്‍ത്തുന്നതെന്ന് പാപ്പാലാലിന്റെ ഭാര്യ ജയശ്രീ പറയുന്നു.
മുസ്‌ളിം കുട്ടിയെ ഹിന്ദുക്കളായ പാപ്പാലാലും ഭാര്യയും എടുത്ത് വളര്‍ത്തുന്നത് അറിഞ്ഞ വര്‍ഗീയവാദികള്‍ ഇരുവരെയും ഭീഷണിപ്പെടുത്തുകയും കുട്ടിയെ അനാഥാലയത്തില്‍ ഏല്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുമായിരുന്നു.
പപ്പാലാലിന്റെ പരാതിയെത്തുടര്‍ന്ന് ദമ്പതികള്‍ക്കും കുട്ടിക്കും സംരക്ഷണം നല്‍കണമെന്ന് ആന്ധ്രാ മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. എന്നിട്ടും വര്‍ഗീയവാദികളില്‍ നിന്നുള്ള ഭീഷണി തുടരുകയാണെന്ന് ഈ കുടുംബം പറയുന്നു.
സോണിയയെ പാപ്പാലാല്‍ നിയമപരമായി ദത്തെടുത്തിട്ടുണ്ടോ എന്നറിയാന്‍ മൂന്നംഗ അഭിഭാഷക കമ്മീഷനെയും മനുഷ്യാവകാശ കമ്മീഷന്‍ നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications