കുഞ്ഞിനെ യാത്രക്കാരിയെ ഏല്‍പ്പിച്ച് അമ്മ മുങ്ങി
മംഗലപുരം: ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വഴിയാത്രക്കാരിയെ ഏല്പിച്ച് അമ്മ മുങ്ങി. തോന്നയ്ക്കലില്‍ ബുധനാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം നടന്നത്. രണ്ട് മണിക്കൂറോളം കുഞ്ഞുമായി അമ്മയെ കാത്തുനിന്ന സ്ത്രീ ഒടുക്കം കുഞ്ഞിനെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.
റോഡരികില്‍ നിന്ന തന്റെ കൈയില്‍ കുഞ്ഞിനെ ഏല്പിച്ചശേഷം മൂത്ത മകനെ കൂട്ടിക്കൊണ്ടുവരാം എന്നുപറഞ്ഞ് സ്ത്രീ കടന്നുകളയുകയായിരുന്നുവെന്നാണ് കുഞ്ഞിനെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച ബേബി എന്ന യാത്രക്കാരി പറയുന്നത്.
കുഞ്ഞിനെ കയ്യില്‍ത്തന്നിട്ട് പോയ സ്ത്രീയെ കാണാതായപ്പോള്‍ ബേബി നാട്ടുകാരോട് വിവരം പറയുകയായിരുന്നു. നാട്ടുകാരാണ് കുഞ്ഞിനെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. കൈപ്ലാസ്റ്ററിട്ട നിലയിലായിരുന്നു സ്ത്രീയെന്നും അതിനാലാണ് സഹായിക്കാന്‍ തയ്യാറായതെന്നും ബേബി പറയുന്നു.
കുട്ടിയെ പരിപാലിക്കാന്‍ സ്റ്റേഷനില്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ പെണ്‍കുഞ്ഞിനെ ഹാജരാക്കിയതായി മംഗലപുരം പോലീസ് അറിയിച്ചു.












Click it and Unblock the Notifications