സ്ത്രീകളെ ഗിനിപ്പന്നികളാക്കി മരുന്നു കമ്പനി
ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ പല്‍നാടുകാരായ കൃഷിക്കാര്‍ തങ്ങളുടെ കടം തീര്‍ക്കാന്‍ വൃക്ക വിറ്റ കഥയ്ക്ക് ഒരു ദശാബ്ദം തികയുമ്പോള്‍ ദാരിദ്രത്തിന്റെ മറവില്‍ അവിടെ മറ്റൊരു ചൂഷണം അരങ്ങേറുന്നു. ഹൈദരാബാദ് ആസ്ഥാനമായ മരുന്നു നിര്‍മ്മാണ കമ്പനി പല്‍നാടിലെ പാവപ്പെട്ട സ്ത്രീകളെ പരീക്ഷണ വസ്തുക്കളാക്കുന്നു.
മനുഷ്യരില്‍ മരുന്നു പരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി വേണമെന്ന നിയമമൊന്നും കമ്പനി അധികൃതര്‍ അറിഞ്ഞ മട്ടില്ല. പരീക്ഷണ വസ്തുക്കളായ സ്ത്രീകളില്‍ ഒട്ടേറെ രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ഇക്കാര്യം പുറം ലോകമറിയുന്നത്. പരീക്ഷണ വസ്തുക്കളായ പലര്‍ക്കും തൊണ്ടയ്ക്ക് അണുബാധയുണ്ടായിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും മുട്ടിനു വേദനയും അനുഭവപ്പെട്ടിരുന്നു. സംഭവമറിഞ്ഞ ജില്ലാ കളക്ടര്‍ ഹെല്‍ത്ത് ഓഫീസറോട് എത്രയും പെട്ടന്ന് സംഭവസ്ഥലത്തെത്തി നിജസ്ഥിതി വിലയിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്തിനുള്ള മരുന്നാണ് തങ്ങളില്‍ പരീക്ഷിക്കപ്പെട്ടയത് എന്നു പോലും സ്ത്രീകളിലാര്‍ക്കും അറിയില്ല. നിരക്ഷരരായ വനിതകളെ വലയിലാക്കാന്‍ കമ്പനിയധികൃതര്‍ ഇടനിലക്കാരനെ നിയോഗിച്ചിരുന്നയായും അറിയുന്നു. വന്‍ തുക വാഗ്ദാനം ചെയ്താണ്
ഇയാള്‍ പാവപ്പെട്ട സ്ത്രീകളെ കമ്പനിയ്‌ക്കെത്തിച്ചു കൊടുത്തത്. എന്നാല്‍ തങ്ങള്‍ക്ക് വെറും 9,000 രൂപ മാത്രമാണ് ലഭിച്ചതെന്ന് പരീക്ഷണത്തിനിരയായ ഷായിക് ബീബി പറഞ്ഞു.
പരീക്ഷണം നടത്തുന്നതിനായി സ്ത്രീകളെ നാലു ദിവസം തുടര്‍ച്ചയായി ലാബില്‍ അടച്ചിട്ടു. പരസ്പരം സംസാരിക്കാന്‍ അനുവദിച്ചില്ല. പല്‍നാടു മേഖയിലെ കൂലിപ്പണിക്കാരായ സ്ത്രീകളാണ് ചൂഷണത്തിനിരയായവരില്‍ പലരും. കമ്പനി തങ്ങളെക്കൊണ്ടു നിര്‍ബന്ധിച്ചു ബോണ്ടിലൊപ്പിടുവിയ്ക്കുകയായിരുന്നുവെന്നാണ് ഇവരില്‍ പലരും പറയുന്നത്.












Click it and Unblock the Notifications