ഹസാരെയുടെ ഉപാധികള്‍ പാര്‍ലമെന്റ് അംഗീകരിച്ചു

പ്രമേയം വോട്ടിനിട്ടു പാസാക്കണമെന്നായിരുന്നു ആവശ്യമെങ്കിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന ചര്‍ച്ചകളിലൂടെ ലക്ഷ്യം നേടിയെന്ന വിലയിരുത്തലിലാണു നിരാഹാരം അവസാനിപ്പിക്കാനുള്ള തീരുമാനം. വിജയം പകുതിയാണെങ്കിലും ജനശക്തിയുടെ വിജയം ശാന്തിപൂര്‍വം ആഘോഷിക്കണമെന്നും അഴിമതിക്കെതിരായ പ്രക്ഷോഭം തുടരുമെന്നും ഹസാരെ പറഞ്ഞു.
സന്ദീപ് ദീക്ഷിത് എംപിക്കൊപ്പം രാംലീലാ മൈതാനത്തെത്തിയ ദേശ്മുഖ്, പ്രധാനമന്ത്രിയുടെ കത്തിന്റെ പകര്‍പ്പു വായിച്ചപ്പോള്‍ ജനം ആര്‍പ്പുവിളിയോടെയാണു സ്വീകരിച്ചത്. തുടര്‍ന്നാണ് ഇന്നു രാവിലെ നിരാഹാരം അവസാനിപ്പിക്കുമെന്നു ഹസാരെ പ്രഖ്യാപിച്ചത്.
ഇന്നലെ രാത്രി തന്നെ സമരം തീരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, സൂര്യാസ്തമയത്തിനു ശേഷം ഉപവാസം മുറിക്കുന്ന പതിവ് ഹസാരെയ്ക്കില്ല. ഈമാസം 16ന് ആണു ഹസാരെ നിരാഹാര സമരം തുടങ്ങിയത്.
ഇന്നു നിരാഹാരം അവസാനിപ്പിച്ച ഉടന്‍ ഹസാരെയെ ഗുഡ്ഗാവിലെ മെഡിസിറ്റി ആശുപത്രിയിലേക്കു മാറ്റും. സാധാരണ നില വീണ്ടെടുക്കാന്‍ കുറഞ്ഞതു മൂന്നുദിവസം വേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്.
ജനാധിപത്യവ്യവസ്ഥയില്‍ പാര്‍ലമെന്റിന്റെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു പൗരസമൂഹത്തിന്റെ നിബന്ധനകള്‍ക്കു വഴങ്ങുന്നതിനോട് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് മാത്രമാണ് എംപിമാരുടെ ചര്‍ച്ചയ്ക്കിടയില്‍ എതിരഭിപ്രായം തുറന്നു പ്രകടിപ്പിച്ചത്. സര്‍ക്കാരിതര സംഘടനകളെക്കൂടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നു ശക്തമായി ആവശ്യപ്പെട്ട ലാലു പക്ഷേ, പ്രമേയം ലോക്‌സഭയില്‍ ഏകകണ്ഠമായി അംഗീകരിക്കുന്നതിനെ എതിര്‍ത്തില്ല.












Click it and Unblock the Notifications