വരന് ലീവ് കിട്ടിയില്ല; നാത്തൂന്‍ പുടവ നല്‍കി

കുളനട ദേവീക്ഷേത്ര ഓഡിറ്റോറിയത്തിലെ കതിര്‍മണ്ഡപത്തില്‍ ബുധനാഴ്ച രാവിലെ 11.25നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് അത്യപൂര്‍വ വിവാഹം നടന്നത്.
മെഴുവേലി കുറിയാനിപ്പള്ളി കൂടോട്ടിക്കല്‍ രാജവിലാസം വിജയന്റെ മകള്‍ രാജിയും നൂറനാട് പണയില്‍ അയണിവിള കിഴക്കതില്‍ സദാനന്ദന്റെ മകന്‍ അനീഷും തമ്മിലുള്ള വിവാഹമാണ് ബുധനാഴ്ച നടത്താന്‍ ഒരുവര്‍ഷം മുമ്പ് തീരുമാനിച്ചിരുന്നത്. സൗദി അറേബ്യയില്‍ ജോലിയുള്ള അനീഷ് 11 മാസം മുമ്പ് വധൂഗൃഹത്തില്‍ നടത്തിയ മോതിരംമാറ്റച്ചടങ്ങിനുശേഷം മടങ്ങിയതാണ്. സൗദയില്‍ ഇലക്ട്രീഷ്യനായ അനീഷ് അവധി കിട്ടുമെന്നു കരുതിയാണ് സെപ്റ്റംബര്‍ 14ന് വിവാഹം നടത്താന്‍ നിശ്ചയിച്ചത്. ഇതിനായി ബന്ധുമിത്രാദികളേയും സുഹൃത്തുക്കളേയും സമീപവാസികളേയും ക്ഷണിക്കുകയും ചെയ്തു.
എന്നാല്‍, അനീഷിന് അവധി ലഭിക്കില്ല എന്ന് മൂന്നു ദിവസം മുന്‍പാണ് അറിഞ്ഞത്. തുടര്‍ന്ന് ഇരുകൂട്ടരുടേയും വീട്ടുകാര്‍ ആലോചിച്ച്, വിവാഹം മാറ്റിവയ്‌ക്കേണ്ടെന്നും വരന്റെ സഹോദരി വധുവിന് മാല ചാര്‍ത്തട്ടേയെന്നും തീരുമാനിക്കുകയായിരുന്നു. വരനായ അനീഷിന് ഒരു സഹോദരനെയുള്ളൂ. അതിനാല്‍ അമ്മയുടെ സഹോദരിയുടെ മകള്‍ സൂര്യ മാലയിടുകയും താലികെട്ടും കരംഗ്രഹിച്ചുള്ള പ്രദക്ഷിണവും ഒഴികെയുള്ള ചടങ്ങുകള്‍ നടത്തുകയുമായിരുന്നു.
ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചശേഷം വധു രാജി പിതാവിന്റെ കരം ഗ്രഹിച്ചാണ് കല്യാണ മണ്ഡപത്തില്‍ പ്രവേശിച്ചത്. അതിനുശേഷം വരന്റെ സഹോദരി സൂര്യയും മണ്ഡപത്തിലെത്തി.
ഇത്തരത്തില്‍ വിവാഹം നടത്തേണ്ടി വന്ന സാഹചര്യം സമുദായ ഭാരവാഹികള്‍ സദസിനെ അറിയിച്ചു. തുടര്‍ന്ന് പ്രാര്‍ഥനയ്ക്കുശേഷം വെളിയനാട് ശിവാനന്ദപുരത്ത് രജിത്തിന്റെ കാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടന്നു. വായ്ക്കുരവയും നാദസ്വരവും ചടങ്ങിന് ഉണ്ടായിരുന്നില്ല. അനീഷ് നാട്ടിലെത്തിയ ശേഷം താലികെട്ടും മറ്റുചടങ്ങുകളും നടക്കും.












Click it and Unblock the Notifications