വരനെത്തിയില്ല, 5 ലക്ഷം രൂപ നഷ്ടപരിഹാരം
എടപ്പാള്‍: വിവാഹത്തലേന്നും വിദേശത്തു നിന്ന് വരനെത്താത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിന് വധുവിന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എടപ്പാളിനടുത്ത തലമുണ്ട സ്വദേശിയായ യുവാവും പാലക്കാട് ജില്ലയിലെ ആറങ്ങോട്ടുകര സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്.
രണ്ട് വര്‍ഷം മുമ്പ് നിശ്ചയിച്ച ഇവരുടെ വിവഹാം ഞായറാഴ്ച നടക്കേണ്ടതായിരുന്നു. സൗദി അറേബ്യയിലെ ദമ്മാമിലാണ് വരന് ജോലി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യുവാവ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച വിവാഹം തീരുമാനിച്ചത്.
വിവാഹത്തീയതിയ്ക്കും രണ്ടാഴ്ച മുമ്പേ വരന്‍ നാട്ടിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ വിവാഹദിനം അടുത്തെത്തിയിട്ടും വരന്‍ എത്തിയില്ല. പിന്നീട് വെള്ളിയാഴ്ച എത്തുമെന്നും ഏറ്റവുമൊടുവില്‍ കല്യാണ തലേന്ന് എത്തുമെന്നും അറിയിച്ചു.
കല്യാണ തലേന്ന് യുവതിയുടെ ബന്ധുക്കള്‍ വീട്ടിലെത്തി ചോദിച്ചപ്പോഴാണ് നിലവിലെ സ്‌പോണ്‍സറില്‍ നിന്ന് മാറി മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്തത് അധികൃതര്‍ പിടികൂടിയതിനെ തുടര്‍ന്ന് യുവാവിന് നാട്ടിലേക്ക് വരാന്‍ രേഖകള്‍ ലഭിച്ചിട്ടില്ലെന്ന കാര്യം വ്യക്തമായത്.
പൊലീസിന്റെ മധ്യസ്ഥതയില്‍ ഇരു വിഭാഗവും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി വധുവിന്റെ വീട്ടുകാര്‍ക്ക് നല്‍കാന്‍ ധാരണയായി. മൂന്ന് ലക്ഷം രൂപ തിങ്കളാഴ്ചയും രണ്ട് ലക്ഷം രൂപ രണ്ട് മാസത്തിനകവും നല്‍കണമെന്നാണ് വ്യവസ്ഥ. അതിനിടെ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതോടെ യുവാവ് ഉടനെ നാട്ടിലെത്തുകയാണെങ്കില്‍ വിവാഹം നടത്താമെന്ന ധാരണയും അനൗപചാരികമായി രൂപം കൊണ്ടിട്ടുണ്ട്.












Click it and Unblock the Notifications