ഇഷ്ടവിവാഹത്തിനായി തെങ്ങില്‍ക്കയറി ആത്മഹത്യാഭീഷണി
കൊട്ടിയം: ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹംകഴിയ്ക്കാനുള്ള അനുവാദം തേടി യുവാവ് തെങ്ങില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കി. മുപ്പത്തിരണ്ടാകാരനായ ജയകുമാറാണ് ആത്മഹത്യാഭീഷണിയുമായി തെങ്ങില്‍ക്കയറിയത്.
കൊട്ടിയത്തെ കൊച്ചുകൂനമ്പായിക്കുളം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. തെങ്ങില്‍ നിന്നും താഴെയിറങ്ങാന്‍ കൂട്ടാക്കാതിരുന്ന യുവാവിനെ പൊലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് താഴെയിറക്കിയത്.
മൊബൈല്‍ ഫോണ്‍, മണ്ണെണ്ണ, ശീതളപാനീയം എന്നിവയുമായി ബുധാനഴ്ച കാലത്താണ് ഇയാള്‍ തെങ്ങില്‍ക്കയറിയത്. തെങ്ങില്‍ക്കയറിയശേഷം മൊബൈല്‍ ഫോണിലൂടെ ആത്മഹത്യാഭീഷണി സമീപത്തുള്ളവരെ അറിയിച്ചു. സംഭവം നാട്ടില്‍പ്പരന്നതോടെ തെങ്ങിന്‍ ചുവട്ടില്‍ ആളുകൂടി.
സംഭവമറിഞ്ഞ് ജനപ്രതിനിധികള്‍ യുവാവുമായി ഫോണില്‍ സംസാരിച്ചു. ഇതിനകം ഇരവിപുരം പൊലീസും ഫയര്‍ഫോഴ്‌സും രംഗത്തെത്തിയിരുന്നു. ഒടുവില്‍ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് യുവാവ് താഴെയിറങ്ങി. യുവാവിനെതിരെ ആത്മഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications