കെഎസ്ആര്‍ടിസി തമിഴ്‌നാട് വണ്ടികള്‍ കുറയ്ക്കുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംഭവങ്ങളില്‍ 12 കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു.
ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഭീമമായ നഷ്ടമാണുണ്ടായത്. സര്‍വീസുകള്‍ നിര്‍ത്തുന്നതോടെ പ്രതിദിനം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നും കരുതപ്പെടുന്നു.
കൊല്ലത്തുനിന്ന് പോകുന്ന മധുര ബസിനു നേര്‍ക്ക് കഴിഞ്ഞ ദിവസം ചാണകവെള്ളം ഒഴിച്ചിരുന്നു. യാത്രക്കാര്‍ക്കും മര്‍ദനമേറ്റു. മൂന്നാര്‍ തേനി, കട്ടപ്പന കമ്പം, കുമളി കമ്പം വഴിയുള്ള സര്‍വീസുകള്‍ സംഘര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ നിലച്ചു. പൊള്ളാച്ചി വഴിയുള്ള സര്‍വീസുകളും ഇപ്പോഴില്ല.
പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടിലെ സര്‍വീസുകള്‍ കോണ്‍വോയ് അടിസ്ഥാനത്തിലാണ് നടത്തുന്നത്. എറണാകുളം മധുര, തിരുവല്ലമധുര സര്‍വീസുകളും രണ്ടു ദിവസമായി പോകുന്നില്ല. പാലക്കാട്ടുനിന്നുള്ള സര്‍വീസുകള്‍ക്കു നേരെ ആക്രമണം ഉണ്ടായതിനുശേഷം ബസുകള്‍ വാളയാര്‍ ചെക്‌പോസ്റ്റില്‍ തടഞ്ഞിട്ടശേഷം തമിഴ്‌നാട് പൊലീസ് കോണ്‍വോയ് ആയി കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ചെക് പോസ്റ്റില്‍ ഒന്നും ഒന്നരയും മണിക്കൂര്‍ തുടര്‍ച്ചയായി തടഞ്ഞിടുന്നതുമൂലം കെ.എസ്.ആര്‍.ടി.സി ബസില്‍ കയറാന്‍ മലയാളികള്‍ പോലും മടിയ്ക്കുകയാണ്.
ബാംഗ്ലൂരില്‍ നിന്ന് സേലം-കോയമ്പത്തൂര്‍ വഴിയുള്ള സര്‍വീസുകളും കോണ്‍വോയ് അടിസ്ഥാനത്തിലാണ് സര്‍വീസ് നടത്തുന്നത്. ഇതുമൂലം മണിക്കൂറുകളോളം യാത്രക്കാര്‍ വഴിയില്‍ കാത്തുകെട്ടി കിടക്കേണ്ടതായി വരുന്നുവെന്ന് പരാതിയുണ്ട്.
അതേസമയം കേരളത്തിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ യാതൊരു തടസ്സവും നേരിടുന്നില്ല. ഇത്തരത്തില്‍ സര്‍വീസ് നടത്തുന്ന ഒരു ബസിനുനേരെ പോലും കേരളത്തില്‍ ആക്രമണം ഉണ്ടായിട്ടില്ല. കുമളി റൂട്ടിലൊഴികെ തമിഴ്‌നാട്ടുകാരുടെ ബസുകളെല്ലാം കേരളത്തിലേക്ക് സുഗമമായി സര്‍വീസ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ.എസ്.ആര്‍.ടി.സി ബസുകള്‍ യാത്രക്കാരില്ലാതെ വഴിയില്‍ കിടക്കുമ്പോള്‍ തമിഴ്‌നാട്ടിലെ ബസുകള്‍ യാത്രക്കാരെയും കുത്തിനിറച്ച് ലാഭം കൊയ്യുകയാണ്.












Click it and Unblock the Notifications