ലോക്പാല്‍ :ചര്‍ച്ചയ്ക്കായി മന്ത്രിസഭ ചേരും
ദില്ലി: ലോക്പാല്‍ ബില്ലിന്റെ കരട് ചര്‍ച്ച ചെയ്യാനായി ചൊവ്വാഴ്ച കേന്ദ്രമന്ത്രിസഭ ചേരും. ഉച്ചതിരിഞ്ഞ് രണ്ടുമണിയ്ക്കാണ് മന്ത്രിസഭ ചേരുക. തിങ്കളാഴ്ച ചേര്‍ന്ന മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ ബില്‍ സംബന്ധിച്ച് സമവായമായില്ല.
ബില്ലിന്റെ കരടിന് ചൊവ്വാഴ്ച മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആവും ലോക്പാല്‍ബില്‍ അവതരിപ്പിക്കുക. അംഗങ്ങള്‍ക്ക് ദേഭഗതി നിര്‍ദേശങ്ങളും മറ്റും നല്‍കാന്‍ ഒരു ദിവസം വേണ്ടിവരും.
ലോക്പാല്‍ ബില്‍ പാസാക്കാനായി പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം നീട്ടുന്നുണ്ട്. ഡിസംബര്‍ 22ന് വ്യാഴാഴ്ചയാണ് ക്രിസ്മസ് അവധിയ്ക്കായി സഭ പിരിയുന്നത്. തുടര്‍ന്ന് ഡിസംബര്‍ 27 മുതല്‍ 3 ദിവസം കൂടി സഭ ചേരാനാണ് ആലോചന.
ബില്‍ ഡിസംബര്‍ 21ന് ബുധനാഴ്ച അവതരിപ്പിച്ചാലും ചര്‍ച്ചയ്ക്കുശേഷം വ്യാഴാഴ്ച അത് ലോക്‌സഭ പാസാക്കാന്‍ സാധ്യത കുറവാണ്. അതിനാല്‍ അടുത്ത ചൊവ്വാഴ്ച(ഡിസംബര്‍ 27ന്)ആവും ലോക്‌സഭയില്‍ ബില്‍ പാസാവുക. തൊട്ടടുത്ത ദിവസം രാജ്യസഭയും അത് പരിഗണിക്കും.
ലോക്പാലിന്റെ അന്തിമരൂപം തയ്യാറാക്കാന്‍ പി. ചിദംബരം, കപില്‍ സിബല്‍, വി. നാരായണസ്വാമി, സല്‍മാന്‍ ഖുര്‍ഷിദ് എന്നീ മന്ത്രിമാരാണ് തിങ്കളാഴ്ച യോഗം ചേര്‍ന്നത്. തുടര്‍ന്ന് ഓരോരുത്തരും ധനമന്ത്രി പ്രണബ് മുഖര്‍ജിയെ കണ്ടു.
പ്രണബ് പിന്നീട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും സന്ദര്‍ശിച്ചു. മന്ത്രിസഭായോഗത്തിലെത്തും മുമ്പേ, കോണ്‍ഗ്രസ്സില്‍ത്തന്നെ അഭിപ്രായ ഐക്യം അനിവാര്യമായതിനാലാണ് തിങ്കളാഴ്ച മന്ത്രിസഭ ചേരാതിരുന്നത് എന്നാണ് സൂചന.
സിബിഐ. തലവനെ നിയമിക്കുന്നതു സംബന്ധിച്ചാണ് മുതിര്‍ന്ന മന്ത്രിമാര്‍ തമ്മില്‍ യോജിപ്പുണ്ടാകാതിരുന്നതെന്ന് സൂചനയുണ്ട്. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന പാനലായിരിക്കണം സിബിഐ ഡയറക്ടറെ നിയമിക്കേണ്ടത് എന്ന നിര്‍ദേശത്തെ ചിദംബരം എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
സിബിഐ ഇപ്പോള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലാണ്. സിബിഐയെ ലോക്പാലിന്റെ പരിധിയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായേക്കില്ല. എന്നാല്‍, ലോക്പാലിന് ഒരു അന്വേഷണവിഭാഗം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചനയുണ്ടുതാനും.












Click it and Unblock the Notifications